അപകടം തളർത്തിയിട്ടും അടങ്ങാതെ വീൽച്ചെയർ

Friday 20 May 2022 12:39 AM IST
അബ്ബാ മോഹൻ

കൊല്ലം: അപകടം അരയ്ക്ക് താഴെ തളർത്തിയെങ്കിലും ജീവകാരുണ്യ ​- സാംസ്കാരിക വേദികളിൽ വിധിയെ വീൽച്ചെയറുരുട്ടി തോൽപ്പിക്കുകയാണ് അബ്ബാ മോഹൻ. ഓച്ചിറ അബ്ബ കോട്ടേജിൽ അബ്ബാമോഹൻ ഇന്ന് ഒറ്റപ്പെട്ടുപോയവർക്ക് തണൽ വൃക്ഷമാണ്. പ്രയാർ കാവിന്റെ കുന്നേൽ വീട്ടിൽ ശ്രീധരന്റെയും മനോരമയുടെയും രണ്ടാമത്തെ മകനായ എസ്.വിജയമോഹൻ ദൈവത്തിന്റെ പര്യായമായ അബ്ബ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങിയതോടെയാണ് അബ്ബാ മോഹനായത്. എന്നാൽ,​ നാട്ടിൻപുറത്തെ സാധാരണ സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി ഒതുങ്ങാൻ മോഹൻ തയ്യാറല്ലായിരുന്നു. സിനിമാരംഗത്ത് സ്റ്റിൽ ഫോട്ടോഗ്രാഫറായും ജയറാം-പാർവതി എന്നിവരുടേതടക്കം താര വിവാഹങ്ങളിൽ കാമറമാനുമായുമൊക്കെ തിളങ്ങി. ഇന്തോ-ജാപ്പനീസ് ഷൂട്ട് വിത്ത് കാമറ, ഹോട്ട് വിത്ത് ഗൺ എന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാമനായി. ജില്ലാ വോളിബാൾ ടീമിൽ അംഗമായിരുന്ന അബ്ബാമോഹൻ,​ ഇതിഹാസമായ ജിമ്മി ജോർജിനൊപ്പം കളിച്ചിട്ടുണ്ട്.

വീൽച്ചെയറിലാക്കിയ അപകടം

2003 ഫെബ്രുവരി 28ന് ആറ്റിങ്ങലിലുണ്ടായ കാറപകടമാണ് അബ്ബാമോഹനനെ വീൽച്ചെയറിലാക്കിയത്. സുക്ഷുമ്‌ന നാഡിക്ക് തകരാറുണ്ടായി. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുമ്പോൾ അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ,​ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ അബ്ബാ തയ്യാറായിരുന്നില്ല. വീൽച്ചെയർ ഉരുട്ടി ജീവിതത്തിലേക്ക് തിരിച്ചുകയറി. സ്റ്റുഡിയോ വീണ്ടും സജീവമാക്കി. കല്യാണ ഫോട്ടോ ഷൂട്ടുകൾക്ക് അബ്ബാ മോഹൻ വീൽച്ചെയറിലെത്തിത്തുടങ്ങി.

കാരുണ്യത്തിന്റെ കസേര

പത്തനാപുരം ഗാന്ധിഭവനുമായി ചേർന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ അക്കോക്കിന്റെ സംസ്ഥാന രക്ഷാധികാരിയാണ്. കാറിലാണ് ദൂരയാത്ര. പൊതു വേദികളിൽ യന്ത്രം ഘടിപ്പിച്ച വീൽച്ചെയറിലെത്തും. വേദനിക്കുന്നവരെ സാന്ത്വനിപ്പിച്ച് അബ്ബാ തന്റെ വൈകല്യത്തെ മറന്നപ്പോൾ ലഭിച്ച അംഗീകാരങ്ങൾക്കും കണക്കില്ല. ഭാര്യ ഷീലയും മക്കൾ അബ്ബാ വിഷ്ണുവും അബ്ബാ വിവേകും അബ്ബാ ലക്ഷ്മിയും പ്രോത്സാഹനവുമായി കൂടെയുണ്ട്. മകളുടെ വിവാഹം ഇന്ന് നടക്കും.

30 പേർക്ക് വീൽചെയർ

 2018ൽ ഓച്ചിറ കേന്ദ്രമാക്കി സബർമതി സ്നേഹ മഹൽ അനാഥാലയം സ്ഥാപിച്ചു

 കിടപ്പ് രോഗികൾക്ക് വീടുകളിൽ സഹായം എത്തിക്കൽ

 നിർദ്ധന കുടുംബങ്ങൾക്ക് വിവാഹ സഹായം

 ഹരിപ്പാട് സ്‌നേഹവീട് അനാഥാലയം രക്ഷാധികാരി

 കൊവിഡ് കാലത്ത് കിടപ്പ് രോഗികൾക്ക് ഭക്ഷ്യധാന്യം എത്തിച്ചു

 ഹരിപ്പാട് ടൗണിൽ ഭക്ഷണ അലമാര സ്ഥാപിക്കൽ

Advertisement
Advertisement