പാറട്ടെ ,പൊൻതൂവൽ !

Friday 20 May 2022 12:53 AM IST

തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രസ്വർണം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം

മലയാളികൾക്ക് അഭിമാനമായി എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും

കഴിഞ്ഞവാരം ഇന്ത്യൻ കായികരംഗത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിലെ ഇന്ത്യയുടെ സ്വർണനേട്ടം.ബാഡ്മിന്റണിൽ ഒളിമ്പിക് വെള്ളിയും വെങ്കലങ്ങളും ലോക ചാമ്പ്യൻഷിപ്പ് കിരീടവും ആൾ ഇംഗ്ളണ്ട് കിരീടവുമൊക്കെ ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തോമസ് കപ്പിലെ സ്വർണനേട്ടം. ഒരു പതിറ്റാണ്ടിലേറെയായി വനിതകളുടെ കുതിപ്പാണ് ഇന്ത്യൻ ബാഡ്മിന്റണിൽ. പുരുഷ ബാഡ്മിന്റണിലും രാജ്യം ഒട്ടും പിന്നിലല്ല എന്ന് ബാങ്കോങ്കിൽ നടന്ന ടൂർണമെന്റിൽ തെളിയിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങളും -എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും- അണിനിരന്നു എന്നതാണ് കേരളത്തിനുള്ള സന്തോഷം.ഇതിൽ പ്രണോയ്‌യുടെ മികവിലാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും നിർണായകമായ അവസാന സിംഗിൾസുകളിൽ ഇന്ത്യ വിജയംനേടി ഫൈനലിലെത്തിയത്.

73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പ് ടീം ബാഡ്മിന്റൺ ടൂർണമെന്റിൽ തീർത്തും അവിശ്വസനീയമായാണ് ഇന്ത്യ സ്വർണം കൊണ്ട് ചരിത്രം കുറിച്ചത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ത്തിന് കീഴടക്കിയാണ് ബാങ്കോക്കിൽ ഇന്ത്യൻ സംഘം വിസ്മയം സൃഷ്ടിച്ചത്. ക്വാർട്ടറിൽ കരുത്തന്മാരായ മലേഷ്യയെയും സെമിയിൽ ഡെന്മാർക്കിനെയും അട്ടിമറിച്ച് ആദ്യ ഫൈനലിനെത്തിയ ഇന്ത്യയ്ക്ക് മുന്നിൽ 14 കിരീടങ്ങൾ നേടിയിട്ടുള്ള ഇന്തോനേഷ്യയ്ക്ക് ഒരു മത്സരം പോലും ജയിക്കാനാവാതെ തലകുനിക്കേണ്ടിവന്നു.

മലയാളിതാരങ്ങളായ എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും അടങ്ങുന്ന 10അംഗ ടീമാണ് ബാങ്കോക്കിൽ ചരിത്രമെഴുതിയത്. ഫൈനലിൽ ആദ്യ രണ്ട് സിംഗിൾസുകളിലും ആദ്യ ഡബിൾസിലും ഇന്ത്യ ജയിച്ചതോടെ പ്രണോയ്‌ക്കും അർജുനും കോർട്ടിലിറങ്ങേണ്ടിവന്നില്ല. എന്നാൽ ടൂർണമെന്റിന്റെ തുടക്കം മുതലുള്ള പ്രണോയ്‌യുടെ അവിശ്വസനീയപ്രകടനങ്ങളാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. അർജുൻ എറണാകുളം സ്വദേശിയും. ഇന്ത്യൻ പരിശീലകസംഘത്തിൽ മലയാളിയായ യു.വിമൽകുമാറുമുണ്ട്.

ബാഡ്മിന്റൺ രംഗത്തുള്ളവർപോലും ഇന്ത്യൻ പുരുഷ ടീമിൽ നിന്ന് മെഡൽ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ കാലഘട്ടത്തിൽ തുടങ്ങിയ ഒരു ടൂർണമെന്റിലാണ് ശ്രീകാന്തും പ്രണോയ്‌യും ലക്ഷ്യസെന്നും കൂട്ടരും ചരിത്രമെഴുതിയത്. സൈന നെഹ്‌വാൾ,പി.വി സിന്ധു തുടങ്ങിയ വനിതാ താരങ്ങളുടെ നിഴലിലായിരുന്ന ഇന്ത്യൻ ബാഡ്മിന്റണിലെ പുരുഷകേസരികളുടെ സ്വർണപ്രഭയിലേക്കുള്ള തിരിച്ചുവരവാണ് ബാങ്കോക്കിൽ കണ്ടത്. പ്രകാശ് പദുക്കോണും പുല്ലേല ഗോപിചന്ദും യു.വിമൽകുമാറുമൊക്കെ കളിച്ചിരുന്ന കാലത്ത് നടക്കാത്തതാണ് പ്രണോയ്‌യും കൂട്ടരും നേടിയെടുത്തത്.

അടുത്തിടെ നടന്ന ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കളിച്ച ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളിപ്പെൺകുട്ടി ട്രീസ ജോർജും പ്രണോയ്‌യും അർജുനുമൊക്കെ ദേശീയ ബാഡ്മിന്റണിൽ കേരളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. മലയാളി കളിക്കാർക്ക് രണ്ട് ലക്ഷം വീതവും കോച്ച് വിമൽകുമാറിന് ഒരു ലക്ഷം രൂപയും സമ്മാനം പ്രഖ്യാപിച്ച കേരള സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷന്റെ നടപടിയും ശ്ളാഘനീയമാണ്.

തോമസ് കപ്പ്

ബാഡ്മിന്റൺ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടീം ടൂർണമെന്റുകളിലൊന്നാണ് തോമസ് കപ്പ്.

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ഒരേ സമയം നടത്തുന്ന രണ്ട് ടൂർണമെന്റുകളാണ് തോമസ് കപ്പും ഉൗബർ കപ്പും. തോമസ് കപ്പ് പുരുഷന്മാരുടെ ടീം ചാമ്പ്യൻഷിപ്പാണ്. ഉൗബർ കപ്പ് വനിതകളുടേത്. ടെന്നിസിലെ ഡേവിസ് കപ്പ് മാതൃകയിൽ സിംഗിൾസുകളും ഡബിൾസും ഇടകലർത്തിയുള്ള ഫോർമാറ്റാണ് തോമസ് കപ്പിലും ഉൗബർ കപ്പിലും. 1948- 49 സീസണിൽ മൂന്ന് വർഷത്തിൽ ഒരിക്കലായാണ് തോമസ് കപ്പിന്റെ തുടക്കം. 1982 മുതലാണ് രണ്ട് കൊല്ലത്തിൽ ഒരിക്കൽ വീതമാക്കി മാറ്റിയത്.

14 തവണ തോമസ് കപ്പ് ചാമ്പ്യന്മാരായിട്ടുള്ള ടീമും നിലവിലെ ജേതാക്കളുമായിരുന്നു ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇന്തോനേഷ്യ.

ഫൈനലിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ

1-0

ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ 8-21, 21-17, 21-16 എന്ന സ്കോറിന് ആന്റണി ഗിന്റിങ്ങിനെ തോൽപ്പിച്ചു.

2-0

ആദ്യ ഡബിൾസിൽ സാത്വിക് സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ - കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 ന് മറികടന്നു.

3-0

നിർണായകമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത് 21-15, 23-21 ന് ജൊനാഥൻ ക്രിസ്റ്റിയെ തകർത്തതോടെ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കേ സ്വർണനേട്ടം.

ടീമിന് ഒരു കോടി

തോമസ് കപ്പ് സ്വർണം നേടിയ ഇന്ത്യൻ ടീമിന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.

മലയാളികൾക്ക് രണ്ട് ലക്ഷം വീതം

ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പ്രണോ‌യ്‌ക്കും അർജുനും കേരളസ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷൻ രണ്ട് ലക്ഷം രൂപ വീതം സമ്മാനം നൽകുമെന്ന് പ്രസിഡന്റ് അനിൽ അമ്പലക്കര,സെക്രട്ടറി രാകേഷ് ശേഖർ എന്നിവർ അറിയിച്ചു. കോച്ച് വിമൽകുമാറിന് ഒരു ലക്ഷം രൂപയും സമ്മാനിക്കും.

വിജയികളായ ടീമിന് അഭിനന്ദനങ്ങൾ. അവരുടെ ഭാവി പ്രയത്‌നങ്ങൾക്ക് ആശംസകൾ. ഈ വിജയം വരാനിരിക്കുന്ന നിരവധി കായിക താരങ്ങൾക്ക് പ്രചോദനമാകും.

- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.

ബാഡ്മിന്റണിലെ 1983

ഇന്ത്യൻ സ്പോർട്സിന് 1983ലെ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തോളം പ്രാധാന്യമുള്ള വിജയമായാണ് തോമസ് കപ്പ് സ്വർണം വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കിയത് കപിൽദേവിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് നേട്ടമാണ്. ലോകകപ്പ് നേടുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു സംഘമാണ് 1983ൽ കപിലിന് കീഴിൽ ലോഡ്സിൽ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമും അത്തരത്തിലുള്ള അട്ടിമറികളാണ് തോമസ് കപ്പിൽ കാഴ്ചവച്ചത്. കപിലിന്റെയും കൂട്ടരുടെയും നേട്ടത്തേക്കാൾ അപ്രതീക്ഷിതമായതാണ് ഈ സ്വർണമെന്ന് ദേശീയ ബാഡ്മിന്റൺ കോച്ച് പുല്ലേ ഗോപിചന്ദ് പറയുന്നു.

ബാഡ്മിന്റണിലെ 1983 നിമിഷമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ വിശേഷിപ്പിച്ചത്.1983 ലോകകപ്പ് ക്രിക്കറ്റിന് സമ്മാനിച്ചതിന് സമാനമായൊരു ഉണർവ് ബാഡ്മിന്റണിന് നൽകാൻ തോമസ് കപ്പ് സ്വർണത്തിന് കഴിയും.

ഹീറോ പ്രണോയ്

ഡെൻമാർക്കിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഇന്ത്യ തോമസ് കപ്പ് ഫൈനലിലെത്തി​യപ്പോൾ ഹീറോയായത് എച്ച്.എസ് പ്രണോയ് ആണ്. ഡെൻമാർക്കിനെതി​രെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഉജ്വല വിജയമാണ് പ്രണോയി നേടി​യത്. ലോക പതിമൂന്നാം നമ്പർ താരം റാസ്മസ് ജെംകെയെയാണ് പ്രണോയ് അട്ടിമറിച്ചത്. ആദ്യ ഗെയിമിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്.

തോമസ് കപ്പിൽ ചരിത്രനേട്ടത്തിൽ എച്ച്.എസ് പ്രണോയും കെ.ശ്രീകാന്തും ഇടംപിടിച്ചു. ടൂർണമെന്റി​ൽ 5 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് പ്രണോയും ശ്രീകാന്തും സ്വന്തമാക്കിയത്. ഊബർ കപ്പിൽ 2014ൽ സൈന നെഹ്‌വാൾ, പി.വി.സിന്ധു എന്നിവർ നേരത്തെ 5 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.

ഇത്തവണ തോമസ് കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഞാൻ ചെയ്തത് ടീമിലുള്ളവരെയെല്ലാം ഉൾപ്പെടുത്തി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. ആ ഗ്രൂപ്പിൽ എല്ലാവർക്കും എലലാകാര്യങ്ങളും തുറന്ന് സംസാരിക്കാനുള്ള അവസരമുണ്ടായിരുന്നു. അത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ ഞങ്ങൾക്കുള്ളിൽ വല്ലാത്ത ആത്മബന്ധം സൃഷ്ടിച്ചു. ആ ഒത്തൊരുമയാണ് സ്വർണനേട്ടത്തിലേക്ക് നയിച്ചത്.

- എസ്.എച്ച് പ്രണോയ്

Advertisement
Advertisement