മൂന്നാറിൽ കാർ മറിഞ്ഞു: സഞ്ചാരികളായ പിതാവിനും കൈക്കുഞ്ഞിനും ദാരുണാന്ത്യം

Friday 20 May 2022 4:17 AM IST

മൂന്നാർ: ദേവികുളം - ലാക്കാട് ഗ്യാപ്പ് റോഡിൽ വിനോദ സഞ്ചാരികളുടെ കാർ 200 അടിതാഴ്ചയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം.ആന്ധ്രപ്രദേശ് അണ്ണാമയ ജില്ലയിൽ റായച്ചോടി സ്വദേശികളായ നൗഷാദ് (32) മകൾ എട്ട് മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. നൈസ സംഭവ സ്ഥലത്തും, നൗഷാദ് ആശുപത്രിയിലേക്കുള്ള യാത്രമാദ്ധ്യയുമാണ് മരിച്ചത്.

പരിക്കേറ്റവരെ മൂന്നാറിലെ റ്റാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന അലീസ (28) ഐഷ (27) അലിയാഫ് (33) മുസ്തഫ (14) നസുറുദീൻ (35) കൗസി (24) കൗഹാർ (28) നസറുദീൻ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെകോലഞ്ചേരി മെഡിക്കൽകോളജിയിൽ പ്രവേശിപ്പിച്ചു. മുസ്തഫ,കൗസി എന്നിവർ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാവിലെ ഏഴരയ്‌ക്കായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും മൂന്നു വാഹനങ്ങളിലായി 25 അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിനായി ബുധനാഴ്ച്ച എത്തിയത്.ചിന്നക്കനാലിൽ താമസിച്ചശേഷം മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം ലാക്കാട് ഗ്യാപ്പിൽ മൂടൽമഞ്ഞ് മൂലംറോഡ് കാണാതായതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നു. ഇവർക്കൊപ്പം വന്ന രണ്ട് വാഹനങ്ങൾ മുൻപിലും പിന്നിലുമായുണ്ടായിരുന്നു.

ഏലത്തോട്ടത്തിൽജോലിക്ക്‌പോയ സ്ത്രീകളാണ് അപകടം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശവാസികളും മൂന്നാറിൽ നിന്ന് പൊലീസും അഗ്‌നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.

Advertisement
Advertisement