ദിലീപിന്റെ ജാമ്യം റദ്ദാക്കൽ: പ്രോസിക്യൂഷന് തെളിവ് നൽകാൻ അന്തിമ അവസരം

Friday 20 May 2022 4:21 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് ഒരവസരം കൂടി അനുവദിച്ചു. കൃത്യമായ തെളിവുകൾ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയും പ്രോസിക്യൂഷനെ വിമർശിച്ച എറണാകുളം സ്‌പെഷ്യൽ അഡി. സെഷൻസ് കോടതി ഹർജി 26ലേക്ക് മാറ്റി. തെളിവ് ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന മുന്നറിയിപ്പും നൽകി. ദിലീപ് തെളിവുകൾ നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാരോപിച്ചാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്.

നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങടങ്ങിയ ഫോണുകളിലെ വിവരങ്ങൾ ദിലീപും കൂട്ടരും നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവയൊക്കെ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന് കോടതി ആരാഞ്ഞു. ഫോണുകളിൽ നിന്ന് ഏതൊക്കെ രേഖകൾ ലഭിച്ചെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവ കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ദിവസം ഹാജരാക്കാമെന്ന് പ്രേസിക്യൂഷൻ വ്യക്തമാക്കി. ഈ മറുപടിയിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി. ഹർജി വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും ഇതിനുശേഷമേ വാദം തുടങ്ങൂവെന്നും കോടതി ഓർമ്മപ്പെടുത്തി.