എളുപ്പത്തിൽ പണം വാരാൻ കഴിയുമെങ്കിലും മലയാളികൾക്ക് ഇപ്പോഴും ഈ കൃഷിയിൽ താൽപ്പര്യം പോര, സീസണല്ലാതിരുന്നിട്ടും കിലോയ്ക്ക് വില ആയിരത്തിനുമേൽ

Friday 20 May 2022 9:29 AM IST

കോട്ടയം: അധികം ശ്രദ്ധയില്ലാതെ പണം വാരാൻ കഴിയുന്ന ഒന്നാണ് മുല്ല. എല്ലാ സീസണിലും നല്ല വില കിട്ടും. പക്ഷേ, ഇതിന്റെ നേട്ടംകൊയ്യുന്നത് തമിഴ്‌നാട്ടുകാരാണെന്നുമാത്രം. കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളർന്ന് പുഷ്പിക്കുമെങ്കിലും മലയാളികൾക്ക് അത്ര താൽപ്പര്യം പോര.

ഇപ്പോൾ മുല്ലപൂവിന് കിലോയ്ക്ക് 1100 രൂപയായി. ഒരു മുഴത്തിന് 50 രൂപ കൊടുക്കണം. കല്ല്യാണ സീസൺ അല്ലാതിരുന്നിട്ടും ആവശ്യക്കാർ കുറഞ്ഞിട്ടും മുല്ലപ്പൂവിന് വില കൂടി നിൽക്കുന്ന സ്ഥിതിയാണ്. കമ്പം, തേനി, ശീലാംപെട്ടി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. കെട്ട് പൂവുകളാണ് എത്തിക്കുക. തമിഴ്‌നാട്ടിൽ ഒരു കിലോ പൂവ് കെട്ടുന്നതിന് 50 രൂപയാണ് കൂലി . തമിഴ്‌നാട്ടിൽ മഴയായതോടെ പൂവ് പൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇത് ലഭ്യത കുറയുന്നതിന് ഇടയാക്കി. കേരളത്തിൽ കൃഷിയില്ലാത്തതും വില വർദ്ധനവിന് കാരണമാണെന്ന് വ്യാപാരിയായ മോഹൻദാസ് പറഞ്ഞു.

Advertisement
Advertisement