ആ കുറവ് സി ഐ ടി യുവിന് ഇല്ല; കെ എസ് ആർ ടി സിയിൽ ശമ്പളം നൽകാൻ തീരുമാനിച്ച ദിവസം ഗതാഗതമന്ത്രിയെ കടന്നാക്രമിച്ച് ആനത്തലവട്ടം ആനന്ദൻ

Friday 20 May 2022 12:39 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിൽ ഇന്ന് ശമ്പളം വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിനായി മാനേജ്മെന്റ് 50 കോടി രൂപ ഓവർ ഡ്രാഫ്ട് എടുത്തു. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ശമ്പളവിതരണം ചെയ്യാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം.

30 കോടി രൂപ സർക്കാരിൽ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേർത്താണ് ഇന്ന് മുതൽ ശമ്പളവിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ശമ്പളം വിതരണം ചെയ്യുക. ഇന്ന് വൈകിട്ട് തുടങ്ങുന്ന ശമ്പളവിതരണം നാളെ വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം, ഗതാഗതമന്ത്രി ആന്റണി രാജുവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിഐടിയു ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. സർക്കാർ സഹായം തേടുന്നത് ഒരു കുറവായിട്ടാണ് ചിലർ കരുതുന്നത്. ആ കുറവ് സിഐടിയുവിന് ഇല്ല. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നടത്തുന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഉറപ്പാക്കുന്ന തരത്തിൽ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണം എന്നതാണ് ധർണയുടെ പ്രധാന ആവശ്യം. കേന്ദ്രസർക്കാർ പൊതുമേഖാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുമ്പോൾ അതിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ആ സാഹചര്യത്തിൽ മന്ത്രി ഒരു പൊതുമേഖലാസ്ഥാപനത്തെ പൂർണമായും കൈവിട്ടത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. എങ്ങനെ കെഎസ്ആ‍ർടിസിയെ സംരക്ഷിക്കാമെന്നതിന് ഒരു ബദൽനയം സിഐടിയു രൂപീകരിച്ച്​ അത് അടുത്തമാസം സർക്കാരിന് സമർപ്പിക്കും. ഇടതുപക്ഷ സർക്കാരിന് യോജിച്ച പ്രസ്താവനയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.