എടികെയെ തകർത്ത ആത്മവിശ്വാസത്തിൽ ഗോകുലം നാളെ ഇറങ്ങുന്നു, എതിരാളികൾ മാലദ്വീപ് ക്ളബായ മസിയ

Friday 20 May 2022 5:57 PM IST

കൊൽക്കത്ത: എ എഫ് സി കപ്പിലെ ആദ്യ മത്സരത്തിൽ ഐ എസ് എൽ ക്ളബായ എടികെ മോഹൻ ബഗാനെ 4-2ന് തകർത്ത ആത്മവിശ്വാസത്തിൽ ഗോകുലം കേരള എഫ് സി തങ്ങളുടെ രണ്ടാം മത്സരത്തിനായി നാളെ ഇറങ്ങുന്നു. മാലദ്വീപ് ക്ളബായ മസിയയാണ് ഗോകുലത്തിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ക്ളബായ ബസുന്ധര കിംഗ്സിനോടാണ് മസിയ പരാജയപ്പെട്ടത്.

ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ഗോകുലം കേരള. ബസുന്ധര കിംഗ്സിനും മൂന്ന്‌ പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലമാണ് മുന്നിൽ. മുന്നേറ്റത്തിൽ ഫ്ളച്ചറും ലൂക്ക മജ്‌സനും മദ്ധ്യനിരയിൽ ക്യാപ്ടൻ ഷരീഫ് മുഹമ്മദ്, എമിൽ ബെന്നി, ജിതിൻ എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തിൽ ശക്തമായ പ്രകടനവുമായി എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൻ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്.

എ ടി കെക്കെതിരേയുള്ള ആദ്യ മത്സരത്തിൽ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയത്. അബ്ദുൽ ഹക്കു, ജിതിൻ, റിഷാദ്, എമിൽ ബെന്നി, താഹിർ സമാൻ, ഉവൈസ് എന്നിവരായിരുന്നു ആദ്യ ഇലവനിൽ കളിച്ച മലയാളി താരങ്ങൾ. ഇതിൽ റിഷാദ്, ജിതിൻ തുടങ്ങിയ മലയാളി താരങ്ങൾ ഓരോ ഗോൾവീതം ടീമിന് സംഭാവന നൽകുകയും ചെയ്തിരുന്നു. നാളെ രാത്രി 8.30ന് സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം.