സ്കൂൾ വിപണി കളർഫുൾ

Saturday 21 May 2022 12:07 AM IST
school

കോഴിക്കോട്: ജൂണിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ വിപണി സജീവമായി. പുസ്തകം, ബാഗ്, കുട, നെയിംസ്ലിപ്പ് തുടങ്ങി യൂണിഫോം വരെ വാങ്ങുന്നതിനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കൾ. രണ്ടുവർഷത്തിന് ശേഷം കിട്ടിയ വിപണിയുടെ സന്തോഷത്തിലാണ് വ്യാപാരികളും. മുംബൈയിൽ നിന്നാണ് കടകളിൽ സ്റ്റോക്ക് എത്തിച്ചിരിക്കുന്നത്. പുസ്തകത്തിനും കുടയ്ക്കും ഇത്തവണ വില കൂടിയിട്ടുണ്ട്. 350 രൂപ ഉണ്ടായിരുന്ന കുടയ്ക്ക് 400 രൂപ വരെയെത്തി. തായ്‌വാനിൽ നിന്നും കുടയുടെ കൊളുത്ത് എത്താത്തതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

നോട്ടുപുസ്തകത്തിന്റെ വിലയിൽ ഇത്തവണ വർദ്ധനവുണ്ടായിട്ടുണ്ട്. പ്രിന്റിംഗ് മേഖലയിലെ പ്രതിസന്ധിയാണ് പുസ്തകത്തിന്റെ വിലയിലും പ്രതിഫലിച്ചത്. യൂണിഫോം തുണിത്തരങ്ങൾക്കും മീറ്ററിന് 20 മുതൽ 40 രൂപ വരെ വർദ്ധനയുണ്ട്. പല നിലവാരത്തിൽ പല വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഓരോരുത്തരും അവരവരുടെ ബഡ്ജറ്റിന് ഒതുങ്ങുന്നവ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. മാസ്‌ക്, ഫേസ്ഷീൽഡ്, സാനിറ്റൈസർ എന്നിവയും ഇത്തവണ സ്‌കൂൾ വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പൊതുവിപണിയേക്കാളും ഏറെ വിലക്കുറവുമായി കൺസ്യൂമർഫെഡിന്റെ സ്റ്റുഡൻസ് മാർക്കറ്റും ആരംഭിച്ചിട്ടുണ്ട്.

തയ്യൽ മേഖലയിലും തിരക്കാണിപ്പോൾ. കൊവിഡ് കാലത്ത് സ്‌കൂൾ അടച്ചിട്ടിരുന്നതിനാൽ ഭൂരിഭാഗം തൊഴിലാളികളുടെയും സീസൺ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.

പൊതുവിപണിയിലെ

വിലവിവരം

-----------------

ബാഗ് 160- 1700

കുട 160-400

വാട്ടർ ബോട്ടിൽ 49-629

യൂണിഫോം ചുരിദാർ സെറ്റ് - 450

യൂണിഫോം ഷർട്ട് : 250

പാന്റ് - 350 - 400

കോട്ട് - 200

 കൊവിഡിന് മുമ്പ് ഉത്സവം പോലെയായിരുന്നു ഞങ്ങൾക്ക് ഈ സീസൺ. തിരക്കൊഴിഞ്ഞ സമയമുണ്ടാവില്ല. കൊവിഡിലുണ്ടായ ക്ഷീണം ഇത്തവണ മാറിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനോ‌ജ് പൊന്നമ്പറത്ത്,

വ്യാപാരി, സ്കൂൾ ബസാർ

Advertisement
Advertisement