അദ്ധ്യയനം തുടങ്ങും മുമ്പേ അദ്ധ്യാപകർക്ക് പരിശീലനം

Saturday 21 May 2022 12:58 AM IST

അങ്കമാലി :പഠിച്ചും പഠിപ്പിച്ചും പാട്ടുപാടിയും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയും അദ്ധ്യാപകർ കുട്ടികളായി മാറി. കൊവിഡാനനന്തര കാലത്തിനു ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകരെ സജ്ജരാക്കുന്നതിന്റെ വേണ്ടി സംഘടിപ്പിച്ച പരിശീലനത്തിലാണ് അങ്കമാലി ഉപജില്ലയിലെ എൽ.പി, യു.പി ക്ലാസുകളിലെ അദ്ധ്യാപകരാണ് ഒത്തുചേർന്നത്.കുട്ടിയുടെ മാനസികവും ശാരീരികവും സർഗാത്മകവുമായ പ്രവർത്തനങ്ങളെ ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ് ബി.ആർ.സിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചത്.

കുട്ടികളുടെ ശാരീരികവും സർഗാത്കവുമായ വികാസം ,ഭിന്നശേഷി സൗഹൃദ വിദ്യാലയം,തുല്യത വിദ്യാഭ്യാസം, ഇതര സംസ്ഥാന കുട്ടികളുടെ

സ്‌കൂൾ പ്രവേശനം തുടങ്ങിയ മേഖലകളിലൂടെയായിരുന്നു അദ്ധ്യാപക പരിശീലനം. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്‌കൂൾ,അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ, അങ്കമാലി ബ്ലോക്ക് റിസോഴ്‌സ് സെന്റർ എന്നിവിടങ്ങളിലായാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം നടക്കുന്നത്. അദ്ധ്യാപക സംഗമം അങ്കമാലി എ.ഇ.ഒ.സി ജെ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബി.പി.സി കെ .ബി സിനി പദ്ധതി വിശദീകരണം നടത്തി.