തൃക്കാക്കരയിൽ ഭരണവിലയിരുത്തൽ; ഉത്തരം നൽകാതെ മുഖ്യമന്ത്രി

Friday 20 May 2022 9:56 PM IST

തിരുവനന്തപുരം: ഭരണത്തിന്റെ വിലയിരുത്തലാകുമോ തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന വാർത്താലേഖകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ് തികയ്ക്കുമെന്ന നിലയ്ക്കാണ് കാണുന്നതെന്നും ബാക്കി റിസൾട്ട് വന്നിട്ട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പും ഓരോ തരത്തിലാണ്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമുണ്ടായി. കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ 2016ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ ജനങ്ങൾ നൽകി. ഓരോ തിരഞ്ഞെടുപ്പിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അത് നടക്കട്ടെ.

തൃക്കാക്കര ഫലം സിൽവർലൈൻ നടപ്പാക്കാനുള്ള അംഗീകാരമായി മാറുമോയെന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ടാകണം എല്ലാ വിധിയുമെന്ന് കാണേണ്ടതില്ലെന്നായിരുന്നു മറുപടി. വിനാശത്തിന്റെ ഒരു വർഷമാണ് കടന്നുപോകുന്നതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അവരെ സംബന്ധിച്ച് ശരിയാണ്. പ്രതിപക്ഷത്തിന്റെ വിനാശമാണ് സംഭവിക്കാൻ പോകുന്നത്. അത് സ്വയം കൃതാനർത്ഥമായിരിക്കും.

കെ.വി. തോമസിന്റെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. നാടിന്റെ വികസനം ആഗ്രഹിക്കുന്നതിനാൽ കെ.വി. തോമസ് അതിനോട് യോജിച്ചു. പ്രചാരണത്തിന് മന്ത്രിമാർ ജാതിയും മതവും നോക്കി പോകുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. വസ്തുതയെ വസ്തുതയായി കാണേണ്ടേ. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയനേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങുന്നത് സ്വാഭാവികരീതിയാണ്. മന്ത്രിമാർ സർക്കാർ ചെലവിൽ പോകുന്നുണ്ടെങ്കിലാണ് തെറ്റാവുക.