സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ സംസ്കാരം: മുഖ്യമന്ത്രി

Saturday 21 May 2022 2:57 AM IST

തിരുവനന്തപുരം: ചങ്ങല പൊട്ടിച്ച പട്ടിയെ പോലെ മുഖ്യമന്ത്രി തൃക്കാക്കരയിൽ പാഞ്ഞ് നടക്കുന്നെന്ന കെ.സുധാകരന്റെ അധിക്ഷേപത്തിന്, അത് ഓരോരുത്തരുടെയും സംസ്കാരമാണെന്നും സമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിന്റെ പേരിൽ കേസിന് പോകാൻ സർക്കാരിന് താല്പര്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തോ ഇടപെട്ട ഘട്ടത്തിലാണ് പൊലീസ് കേസെടുത്തത്.

മലബാറിലെ നാടൻ പ്രയോഗമാണെന്ന കെ.സുധാകരന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പട്ടിയും ചങ്ങലയുമൊക്കെ മലബാറിലും തിരുവിതാംകൂറിലും ഒന്നുതന്നെയെന്നായിരുന്നു മറുപടി. ഭാഷാപ്രയോഗത്തിൽ മലബാറും തിരുവിതാംകൂറും തമ്മിൽവ്യത്യാസമുള്ളത് അയാൾ, ഇയാൾ എന്നീ പ്രയോഗങ്ങളിലാണ്.

സുധാകരൻ നിരന്തരം ആക്ഷേപിക്കുന്നതിന് പിന്നിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന്, അദ്ദേഹത്തിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ താനെന്ത് പറയാനാണെന്നും മറുപടി നൽകി.

മണിച്ചന്റെ ജയിൽമോചനക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്ത് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിപ്പോൾ ഗവർണറുടെ മുന്നിലാണ്. ഐ.ടി പാർക്കുകളുടെ സി.ഇ.ഒയുടെ രാജി സംബന്ധിച്ച് വരുന്ന വാർത്തകൾ മാദ്ധ്യമസൃഷ്ടി മാത്രം. അദ്ദേഹം വ്യക്തിപരമായ ചില അസൗകര്യങ്ങൾ കാരണമാണ് പോകുന്നത്.

ജി.എസ്.ടി വിധി സുപ്രധാനം

ജി.എസ്.ടി കൗൺസിലുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വളരെ പ്രധാനമാണ്. സാമ്പത്തിക ഫെഡറലിസം എന്ന പദം പ്രത്യേകിച്ചും. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം കാട്ടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഉചിതമായ കാര്യമാണ് കോടതി പറ‌ഞ്ഞിരിക്കുന്നത്.