818 കോടി വിറ്റുവരവ്; സർവകാല റെക്കാഡുമായി കിറ്റെക്സ്
Saturday 21 May 2022 12:11 AM IST
കൊച്ചി: കുട്ടികളുടെ വസ്ത്ര നിർമ്മാണ കമ്പനിയായ കിറ്റക്സ് ഗാർമെന്റ്സിന്റെ വരുമാനം സർവകാല റെക്കാഡിൽ. 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനം 75 ശതമാനം ഉയർന്നു. 818 കോടി രൂപയാണ് 2022 മാർച്ച് 31 വരെയുള്ള ഒരു വർഷക്കാലത്തെ വിറ്റുവരവെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് പറഞ്ഞു.
2022 മാർച്ചിലെ അറ്റവിൽപ്പന 111.71 കോടി രൂപയിൽനിന്ന് 126.97ശതമാനം ഉയർന്ന് 253.55 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തെലങ്കാനയിൽ പുരോഗമിച്ചു വരികയാണെന്നും സാബു ജേക്കബ് പറഞ്ഞു.