അഴീക്കോടിന്റെ വീട് അനീതിയുടെ സ്മാരകം
തൃശൂർ: അനീതിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ സുകുമാർ അഴീക്കോടിന്റെ സ്മാരകത്തോട് സർക്കാർ കാട്ടുന്നത് അനീതി. ഉടൻ പുതുക്കിപ്പണിയുമെന്ന് പ്രഖ്യാപനം നടത്തി അദ്ദേഹത്തിന്റെ ഇരവിമംഗലത്തെ ഇരുനിലവീട് സാംസ്കാരിക വകുപ്പ് സ്മാരകമായി ഏറ്റെടുത്തിട്ട് കൊല്ലം ഒമ്പതായി. വീട് ഏറ്റെടുക്കുമ്പോഴേ ഉണ്ടായിരുന്ന ചെറിയ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല. നവീകരണോദ്ഘാടനം നടന്നത് വെറും ഒന്നരക്കൊല്ലം മുൻപ്. സാങ്കേതികാനുമതി ലഭിച്ച് പ്രവൃത്തികൾ തുടങ്ങിയതാകട്ടെ, ഇപ്പോൾ മഴയത്തും. തുടർന്ന് മുകളിലും താഴെയുമായി പൊളിക്കാൻ തുടങ്ങി. പൊളിച്ച ഭാഗത്തുകൂടി ഭിത്തിയിൽ ഈർപ്പമിറങ്ങുന്നത് അഴീക്കോടിന്റെ അമൂല്യമായ പുസ്തകശേഖരത്തിനും പുരസ്‌കാരങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. പണി ഉടൻ തീർക്കണമെന്ന് സാഹിത്യ അക്കാഡമി കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മഴ തടസമാകുമെന്നാണ് ആശങ്ക.
രണ്ടുകൊല്ലം മുൻപ് അന്നത്തെ ചീഫ് വിപ്പ് മന്ത്രി കെ. രാജന്റെ ഇടപെടലിൽ സ്മാരകനവീകരണത്തിന് സർക്കാർ 50 ലക്ഷം അനുവദിച്ചിരുന്നു.
സാംസ്‌കാരിക വകുപ്പിന് ഒരു കൊല്ലം മുമ്പ് പണം ലഭിച്ചെങ്കിലും 2021 നവംബറിലാണ് പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ജനുവരിയിൽ കരാറുകാർക്ക് 10 ലക്ഷം മുൻകൂർ നൽകിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ പണി തുടങ്ങാനായിരുന്നില്ല.
കണ്ണൂരിൽ നിന്നും സാംസ്‌കാരിക തലസ്ഥാനത്ത് വിയ്യൂരിൽ താമസിച്ചിരുന്ന അഴീക്കോട് അവസാനകാലത്താണ് മണലിപ്പുഴയോരത്ത് വീടുണ്ടാക്കിയത്. അഴീക്കോടിന്റെ കാലത്ത് നിരവധി എഴുത്തുകാരും പ്രതിഭകളും സമ്മേളിച്ചിരുന്ന ഈ വീട് സാംസ്‌കാരിക കേന്ദ്രം പോലെയായിരുന്നു.
സ്മാരകത്തോടുള്ള അവഗണനയ്ക്കെതിരെ സാംസ്‌കാരിക സംഘടനകൾ 23ന് സാഹിത്യ അക്കാഡമിക്കു മുമ്പിൽ ധർണ നടത്തും. പ്രതിഷേധമായി കഴിഞ്ഞ ജനുവരിയിലെ അഴീക്കോട് അനുസ്മരണ പരിപാടിയിൽ നിന്ന് അഴീക്കോട് ഫൗണ്ടേഷൻ ഭാരവാഹികൾ വിട്ടുനിന്നിരുന്നു.
നവീകരണ ലക്ഷ്യങ്ങൾ
അഴീക്കോടിന്റെ അമൂല്യങ്ങളായ ഗ്രന്ഥങ്ങളും പുരസ്‌കാരങ്ങളും സംരക്ഷിക്കുക.
അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ ഡിജിറ്റൽ സംവിധാനം ഒരുക്കുക.
ജൂൺ 30നുള്ളിൽ പണി തീർക്കാൻ ആവശ്യപ്പെട്ട് കരാറുകാർക്ക് കത്ത് നൽകിയിട്ടുണ്ട്.
- സി.പി. അബൂബക്കർ, സെക്രട്ടറി, സാഹിത്യ അക്കാഡമി