അമൃത് പദ്ധതിയിൽ പത്തനംതിട്ട നഗരത്തിന് 15 കോടി

Friday 20 May 2022 11:54 PM IST

പത്തനംതിട്ട നഗരത്തിൽ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നു. അമൃത് പദ്ധതിയിൽ പത്തനംതിട്ടയ്ക്ക് 15 കോടി രൂപ ലഭിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 12.38 കോടി രൂപയാണ് പ്രാരംഭമായി അനുവദിച്ചത്. എന്നാൽ നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്ന് സ്റ്റേറ്റ് മിഷൻ നടത്തിയ ചർച്ചയിൽ പദ്ധതിയുടെ അടങ്കൽ 15 കോടിയായി ഉയർത്തുകയായിരുന്നു. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും ബാക്കി തുകയുടെ 80 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം പത്തനംതിട്ട നഗരസഭയും നൽകും. പ്രതിദിനം 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 10 ദശലക്ഷം ലിറ്റർ ശുദ്ധീകരണത്തിനുള്ള പ്ലാന്റ് നിർമ്മിക്കും. എന്നാൽ 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന അനുബന്ധ സൗകര്യങ്ങൾ ഒന്നാം ഘട്ടത്തിൽ ഒരുക്കും. പാമ്പൂരി പാറയിൽ നിലവിലുള്ള പ്‌ളാന്റിന് ആറര ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്.

Advertisement
Advertisement