മടക്കച്ചരക്ക് ഉറപ്പാക്കി ഓടാൻ കൊല്ലം പോർട്ട്

Saturday 21 May 2022 12:04 AM IST

കൊല്ലം: കൊല്ലം പോർട്ട് വഴിയുള്ള ചരക്ക് നീക്കം സജീവമാക്കാൻ കപ്പലുകൾക്ക് മടക്കച്ചരക്ക് ഉറപ്പാക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ തീരുമാനം.

കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെട്ട് കേരള മാരിടൈം ബോർഡ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

യോഗത്തിൽ പങ്കെടുത്ത പാക്സ് ഷിപ്പിംഗ് കമ്പിനി ഉടമ ജോർജ് സേവ്യറാണ് മടക്കച്ചരക്ക് ലഭിക്കാത്ത വിവരം യോഗത്തിൽ ഉന്നയിച്ചത്. പ്രശ്നം പരിഹരിക്കാൻ പദ്ധതി രേഖ തയ്യാറാക്കാൻ മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

നിലവിൽ മറ്റ് തുറമുഖങ്ങൾ വഴി ചരക്ക് എത്തിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, ഐ.ആർ.ഇ, അലിൻഡ്, കാപ്പെക്സ്, കാഷ്യു കോർപ്പറേഷൻ, ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പിനി എന്നിവയ്ക്ക് പുറമേ എഫ്.എസ്.ഐ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇവരിൽ ഭൂരിഭാഗവും നിലവിൽ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ചരക്ക് നീക്കം നടത്തുന്നത്. അവിടെ നിന്ന് ലോറിയിലാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്. ഇത് കപ്പൽ മാർഗം എത്തിക്കുന്നതിന്റെ സാദ്ധ്യതയും അപ്പോഴുള്ള നേട്ടങ്ങളും സംബന്ധിച്ചാകും രൂപരേഖ.

എമിഗ്രേഷൻ പോയിന്റ് രണ്ട് മാസത്തിനകം

രണ്ട് മാസത്തിനുള്ളിൽ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റിന് അനുമതി ലഭിക്കുമെന്ന് എൻ.എസ്. പിള്ള യോഗത്തിൽ പറഞ്ഞു. എമിഗ്രേഷൻ പോയിന്റിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. സ്ഥിരമായി കപ്പലുകൾ എത്താൻ സാദ്ധ്യതയില്ലാത്തതിനാൽ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചേക്കില്ല. പകരം സംസ്ഥാന പൊലീസിനെ നിയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലെ ക്രമീകരണങ്ങൾ സംബന്ധിച്ച് ഫോറിൻ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള സംഘം പോർട്ട് സന്ദർശിച്ച് വിലയിരുത്തിയേക്കും. അവർ അധികം ക്രമീകരണങ്ങൾ ആവശ്യപ്പെട്ടാൽ അതും സജ്ജമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

ചരക്ക് നീക്കത്തിന് തയ്യാറെന്ന്

കെ.എം.എം.എൽ

കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് കപ്പൽ മാർഗം ചരക്ക് കൊണ്ടുവരാൻ താല്പര്യമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത കെ.എം.എം.എൽ ജനറൽ മാനേജർ ചന്ദ്രബോസ് പറഞ്ഞു. പ്രതിമാസം 300 മെട്രിക് ടൺ ചരക്ക് നീക്കം കെ.എം.എം.എൽ നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് തുടർ നടപടിക്ക് യോഗത്തിൽ ധാരണയായി.

യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ

1. ഗോഡൗൺ അടക്കമുള്ള സൗകര്യങ്ങളുടെ വാടക കുറയ്ക്കണം

2. ഐ.എസ്.പി.എസ് കോഡ് എത്രയും വേഗം നേടണം

3. അന്യായമായ ചുമട്ട് കൂലി പരിഹരിക്കണം

4. കപ്പലുകളുടെ സഞ്ചാരമാർഗത്തിൽ നിന്ന് വള്ളവും വലയും ഒഴിവാക്കണം

5. ബങ്കറിംഗുമായി ബന്ധപ്പെട്ട ചാർജ് കുറയ്ക്കണം

കപ്പലുകൾ തട്ടിയുള്ള അപകടങ്ങളും വല നശിക്കുന്നതും ഒഴിവാക്കാൻ കപ്പൽ എത്തുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകാൻ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും.

എൻ.എസ്. പിള്ള

മാരിടൈം ബോർഡ് ചെയർമാൻ

Advertisement
Advertisement