കെ.എസ്.ആർ.ടി.സി : ശമ്പള വിതരണം തുടങ്ങി

Saturday 21 May 2022 1:25 AM IST

□ ഒ.ഡി ₹50 കോടിയും സർക്കാർ സഹായം ₹ 20 കോടിയും

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ഭാഗികമായി ആരംഭിച്ചു. എസ്.ബി.ഐയിൽ നിന്നുള്ള 50 കോടിയുടെ ഓവർഡ്രാഫ്ട് തരപ്പെട്ടതോടെയാണ് ശമ്പളവിതരണത്തിന് വഴി തുറന്നത്. സർക്കാർ ധനസഹായവും തുണയായി.

കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി എടുത്ത ഒ.ഡിയുടെ തിരിച്ചടവ് പൂർത്തിയായിരുന്നില്ല. ഇത് തീരാതെ മറ്റൊരു ഒ.ഡിയെടുക്കാനും കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ നൽകിയ 30 കോടി രൂപ ഉപയോഗിച്ച് കഴിഞ്ഞ മാസത്തെ ഒ.ഡി അടച്ചു തീർത്തു. പിന്നാലെ 50 കോടിയുടെ കൂടി ഓവർഡ്രാഫ്ട് എടുക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ചാണ് ശമ്പളവിതരണം ഭാഗികമായി തുടങ്ങിയത്. റൂട്ടിൽ പോകുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യം ശമ്പളം നൽകുന്നത്. ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകാൻ മാത്രം 53 കോടി രൂപ വേണം.
ധനവകുപ്പിൽ നിന്ന് 20 കോടി രൂപ രൂപ കൂടി ലഭിച്ചതാണ് കെ.എസ്.ആർ.ടി.സിക്ക് അൽപം ആശ്വാസമായത്. ആദ്യം അനുവദിച്ച 30 കോടിക്ക് പുറമേയാണിത്. ഇന്ന് ഈ തുക കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തും. ഇതോടെ മറ്റ് വിഭാഗങ്ങൾക്കുള്ള ശമ്പള വിതരണവും ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണം മുടങ്ങിയതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ആറിന് മൂന്ന് യൂണിയനുകൾ പണിമുടക്കി. ഇന്ധനവില വർദ്ധനയും ശമ്പള പരിഷ്‌കരണത്തിലെ അധിക ബാദ്ധ്യതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ, മേയ്, മാസങ്ങളിലെ മൂന്ന് പണിമുടക്കുകൾ 27 കോടി നഷ്ടമുണ്ടാക്കിയെന്നും പറയുന്നു. ലാഭവും നഷ്ടവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഏപ്രിലിൽ വരുമാനം 164.71 കോടിയായെങ്കിലും ചെലവ് 251.21 കോടിയാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 86.5 കോടിയും. ഇതിൽ കാര്യമായ മാറ്റം വന്നില്ലെകിൽ തുടർമാസങ്ങളിലെ ശമ്പള വിതരണത്തിലും അനിശ്ചിതത്വമാരിക്കും.

Advertisement
Advertisement