കേരളത്തിൽ തോരാമഴ, തിങ്കളാഴ്ച മുതൽ ദുർബലമാകും ; തൊട്ടുപിന്നാലെ മൺസൂൺ മഴ കുതിച്ചെത്തും | VIDEO

Saturday 21 May 2022 4:52 PM IST

സംസ്ഥാനത്ത് വേനൽമഴ വരുന്ന 22 വരെ നിർത്താതെ തുടരുമെന്ന് ഉറപ്പായി. തൊട്ടുപിന്നാലെ മൺസൂൺ സീസണും ആരംഭിക്കും. മൺസൂൺ സീസൺ അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മഴക്കാലം തുടരും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു . കൊച്ചി, കോട്ടയം, പത്തനംതിട്ട, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലും മഴ തുടരുകയാണ്. തെക്കൻ ജില്ലകളിൽ മഴ പിൻവാങ്ങിയ നിലയിലാണ്. മെയ്‌ 21, 22 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും അതിന് ശേഷം മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒരു മാസമായി തുടരുന്ന മഴയിൽ വൻതോതിൽ കൃഷി നാശവുമുണ്ടായി. നഷ്ടക്കണക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയത്ത് കർഷകർ കടക്കെണിയിലാണ്. കൃഷി വകുപ്പിൻ്റെ കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 5,909.99 ലക്ഷത്തിൻ്റെ നഷ്ടം ഉണ്ടായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ ഭീമമായ കൃഷിനാശം നേരിട്ടു. 2,954 കർഷകരുടെ 1,469.01 ഹെക്ടർ കൃഷി നശിച്ചു. ആലപ്പുഴ കഴിഞ്ഞാൽ കോട്ടയത്താണ് കൂടുതൽ കൃഷി നാശം നേരിടേണ്ടി വന്നത്.

ഇടുക്കി ജില്ലയിലും പെരുമഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ 128 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 131 അടിയിലേക്ക് ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 777 ഘനയടിയായി. ഒരു മാസത്തിലധികമായി തമിഴ്നാട് പെന്‍സ്‌റ്റോക്കിലൂടെ വെള്ളം കൊണ്ടുപോകുന്നില്ല. കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഇറച്ചില്‍ പാലം കനാലിലൂടെ നൂറു ഘനയടി വീതം ജലം ഒഴുക്കുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് ലോവര്‍ ക്യാമ്പിൽ നടത്തിയിരുന്ന വൈദ്യുതി ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Advertisement
Advertisement