പോട്ട് ഹോൾ ഫ്രീ സംരക്ഷണം വരുന്നു: കുഴിയില്ലാ റോ‌‌ഡ് ഇനി സ്വപ്നമല്ല!

Sunday 22 May 2022 12:28 AM IST

തിരുവനന്തപുരം: സംസ്ഥാന പാതകളിലും മേജർ റോഡുകളിലും നടുവൊടിക്കുന്ന ഗട്ടറുകൾ പേടിക്കാതെ വാഹനമോടിക്കാവുന്ന നാളുകൾ വരുന്നു. റോഡുകളെ ഗട്ടർ രഹിതമാക്കുന്ന പോട്ട് ഹോൾ ഫ്രീ റോഡ് പദ്ധതി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണിത്.

റോഡ് പണിക്കൊപ്പം പരിപാലനവും കരാറുകാരെ ഏല്പിക്കും. ഗട്ടറുകൾ രൂപപ്പെടുമ്പോൾ തന്നെ അടച്ച് സംരക്ഷിക്കും. ഗട്ടർ വലുതായി റോഡിന് ബലക്ഷയമുണ്ടാകുന്നത് ഇതുവഴി ചെറുക്കാനുമാകും. കരാറുകാർ വീഴ്ച വരുത്തുന്നുണ്ടോയെന്ന് കർശന നിരീക്ഷണം. പൊതുജനത്തിനും പരാതിപ്പെടാം.

ഗട്ടറുകളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. ഒട്ടേറെപ്പേർക്ക് ജീവഹാനിയും സംഭവിച്ചു. പോട്ട് ഹോൾ ഫ്രീ റോഡ് നടപ്പാവുമ്പോൾ ഇത്തരം അപകടങ്ങളും ഒഴിയും. പദ്ധതി നടത്തിപ്പിനായി വിവിധ കർമ്മപരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അവ ഇങ്ങനെ.

1.റണ്ണിംഗ് കോൺട്രാക്ട്

അറ്റകുറ്റപ്പണികൾ സമയബന്ധിതമാക്കാൻ റോഡ് പരിപാലനം ഒരു വർഷത്തേക്ക് കരാറുകാരെ ഏൽപ്പിക്കും. ഏറ്റവും മോശമായ 140 റോഡുകൾ റണ്ണിംഗ് കോൺട്രാക്ടിന്റെ ഒന്നാംഘട്ടത്തിലുൾപ്പെടുത്തിയിട്ടുണ്ട്. 9500 കിലോമീറ്റർ റോഡാണ് രണ്ടാംഘട്ടത്തിലുള്ളത്. 370 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. 184 കോടി അനുവദിച്ചു

2. ഒ.പി.ബി.ആർ.സി

പ്രധാന റോഡുകൾക്ക് ഏഴു വർഷ പരിപാലന കാലാവധി ഉറപ്പാക്കുന്ന സംവിധാനം. 10 ജില്ലകളിലെ 443.71 കിലോമീറ്റർ റോഡുകൾ പരിപാലിക്കും

3.ഡി.എൽ.പി

പണി പൂർത്തിയായാൽ പരിപാലനവും നിശ്ചിത കാലയളവിൽ കരാറുകാരിൽ നിക്ഷിപ്തം. ഇത് ജനങ്ങളെ അറിയിക്കാനും പരിപാലനം ഉറപ്പാക്കാനും ബോർഡുകൾ വയ്ക്കും. അപാകത ശ്രദ്ധയിൽപ്പെട്ടാൽ ബോർഡിലെ നമ്പരിൽ വിവരം അറിയിക്കാം

4.ബി.എം ആൻഡ് ബി.സി

റോഡുകളുടെ ഈടുനിൽപ്പിന് ബിറ്റുമിൻ മക്കാഡത്തിന് മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്ന നിർമ്മാണ രീതി. ഉപരിതലത്തിലെ സൂക്ഷ്മവിടവുകൾ വരെ അടയുന്നതിനാൽ വെള്ളം ഊർന്നിറങ്ങില്ല

5. ഡ്രെയിനേജ്

റോഡിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഡ്രെയിനേജ് നിർബന്ധമാക്കി. കുത്തൊഴുക്കുള്ള പ്രദേശങ്ങളിൽ റോഡിന്റെ വശങ്ങളിൽ ഷോൾഡർ കോൺക്രീറ്റിംഗ്

'കർമ്മ പദ്ധതികൾ നടപ്പാക്കുന്നതോടെ കേരളത്തിലെ റോഡുകളെ ഉന്നതനിലവാരത്തിൽ സംരക്ഷിക്കാനാകും

അജിത്കുമാർ, ചീഫ് എൻജിനിയർ,

പൊതുമരാമത്ത് റോഡ്സ് വിഭാഗം