അടൂർ ബി.എഡ് കോളേജ് വളപ്പിൽ അപകടഭീതി, മാറിനിൽക്ക്.., മതിൽ ഇടിഞ്ഞുവീഴും

Sunday 22 May 2022 12:53 AM IST

അടൂർ : കെ.പി റോഡിനെയും ബി.എഡ് കോളേജിനെയും വേർതിരിക്കുന്ന മതിൽ ഏതു നിമിഷവും നിലംപൊത്താം. അപകട സാഹചര്യം ഏറെയാണ്. ബസ്‌ സ്റ്റോപ്പിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡും ഈ മതിലിനോട് ചേർന്നാണ്. റോഡിന്റെ വടക്കുവശത്തെ ഫുട്പാത്തും അപകടമതിലിന്റെ അരികിലാണ്. കോളേജ് വളപ്പിലെ വലിയ മരത്തിന്റെ വേരുകൾ ഇറങ്ങി മതിൽ തുളഞ്ഞതാണ് ഇടിയാൻ കാരണം. അപകട ഭീഷണിയായ മരം ആറുമാസം മുൻപ് വെട്ടിമാറ്റിയിരുന്നു. അടൂർ ബോയ്സ്, ഗേൾസ് , കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അപകടഭീഷണി നിലനിൽക്കുന്ന വെയിറ്റിംഗ് ഷെഡിനെ ആശ്രയിച്ചാണ് യാത്ര നടത്തുന്നത്.

നിലംപൊത്തുന്ന കെട്ടിടം

കോളേജിന്റെ ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള പഴയ കെട്ടിടം കഴിഞ്ഞ ദിവസം നിലംപൊത്തി. ഒരു വർഷം മുൻപ് ഇടിഞ്ഞകെട്ടിടത്തിന്റെ ഭാഗമാണ് കഴിഞ്ഞദിവസവും നിലംപതിച്ചത്. ഇനിയും ഇടിഞ്ഞു വീഴാൻ അവശിഷ്ടങ്ങൾ ബാക്കിയുണ്ട്. ബോയിസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ കെട്ടിടം. ഹൈസ്കൂളിന്റെ ബാത്തുറൂമിനോട് ചേർന്നാണ് കെട്ടിടാവശിഷ്ടങ്ങൾ കിടക്കുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അപകടമതിലും കെട്ടിടവും പൊളിച്ച് മാറ്റേണ്ടതിന്റെ അനിവാര്യതയേറെയാണ്. പള്ളിക്കൽ പഞ്ചായത്തിലാണ് ബി.എഡ് കോളേജ് നിലനിൽക്കുന്നത്. യൂണിവേഴ്സിറ്റി സ്ഥാപനമായതിനാൽ തദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ കഴിയുന്നില്ല. പഴയ മതിൽ പൊളിച്ചു മാറ്റാനും പുതിയത് പണിയാനും കോളേജ് അധികൃതർക്ക് ഫണ്ടില്ല. മാത്സ് ക്ളാസിനും കമ്പ്യൂട്ടർ ലാബിനും സമീപം കാട് വളരുകയാണ്.