ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് പുതുക്കിയതിനെതിരെ ഉപഹർജി

Sunday 22 May 2022 12:47 AM IST

കൊച്ചി: വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നൽകിയ ഹർജിയിൽ കാലാവധികഴിഞ്ഞ ഓർഡിനൻസ് പുതുക്കി ഇറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്ന ആവശ്യംകൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കി ഹർജിക്കാരൻ ആർ.എസ്. ശശികുമാർ ഉപഹർജി നൽകി. അഴിമതിക്കേസിൽ പൊതുസേവകർ കുറ്റക്കാരാണെന്ന് കണ്ടാൽ അവരെ പദവിയിൽനിന്ന് നീക്കംചെയ്യാൻ അധികാരം നൽകുന്ന ലോകായുക്ത നിയമത്തിലെ സെക്‌ഷൻ 14ലെ ഒന്നാം ഉപവകുപ്പ് നീക്കംചെയ്ത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെയാണ് ഹർജിക്കാരൻ ചോദ്യംചെയ്യുന്നത്.

ഓർഡിനൻസ് പ്രകാരം സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഹർജിയിലെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്ന് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഓർഡിനൻസ് നിയമസഭയിൽവച്ച് നിയമമാക്കാത്ത സാഹചര്യത്തിൽ സർക്കാർ ഇത് വീണ്ടും പുതുക്കി ഇറക്കി. ഹർജിയിൽ ഇതിന്റെ നിയമസാധുതകൂടി പരിശോധിക്കണമെന്നാണ് ശശികുമാറിന്റെ ഉപഹർജിയിലെ ആവശ്യം.

Advertisement
Advertisement