ഒരാണ്ട്, പട്ടയം അരലക്ഷം റെക്കാഡിട്ട് റവന്യു വകുപ്പ്

Sunday 22 May 2022 12:00 AM IST

തിരുവനന്തപുരം: ഒരു വർഷംകൊണ്ട് അരലക്ഷത്തിലേറെ പട്ടയങ്ങൾ നൽകി റവന്യുവകുപ്പ് റെക്കാഡ് നേട്ടത്തിലേക്ക്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന പദ്ധതിയിലുൾപ്പെട്ട പട്ടയവിതരണം മേയ് 31 ന് സമാപിക്കുമ്പോൾ പട്ടയം കിട്ടിയ കുടുംബങ്ങൾ 50,614 ആവും.

രണ്ടാം നൂറുദിന പദ്ധതിയിൽ നൽകാൻ കഴിഞ്ഞത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി പട്ടയങ്ങൾ. 15,000 ആയിരുന്നു ലക്ഷ്യം. ഇതുവരെ നൽകിയത് 33,530. പട്ടയങ്ങൾ തയ്യാറായെങ്കിലും ഉപതിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലുള്ളതിനാൽ എറണാകുളത്തും (2,447) മുഖ്യമന്ത്രിയുടെ പരിപാടി മാറ്റിയതിനാൽ കൊല്ലത്തും (1123) വിതരണം നടന്നില്ല.

31ന് ഉച്ചയ്ക്ക് 12ന് പുനലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യും. പുനലൂർ പേപ്പർ മില്ലിന്റെ സ്ഥലത്ത് താമസിക്കുന്ന 1000 കുടുംബങ്ങൾക്ക് അവിടെ പട്ടയം ലഭിക്കും.

ആദ്യ നൂറ് ദിന പദ്ധതിയിൽ 13,534 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. 14 ജില്ലകളിൽ 39 കേന്ദ്രങ്ങളിലാണ് പട്ടയമേള സംഘടിപ്പിക്കുന്നത്‌.

രണ്ടാംവട്ടത്തെ പട്ടയക്കണക്ക്

 ഒരു വർഷം കൊണ്ട് നൽകിയത്

50,614

 ആദ്യ നൂറ് ദിനപദ്ധതിയിൽ

13,514

 രണ്ടാം നൂറ് ദിന പദ്ധതിയിൽ

33,530

 എറണാകുളം, കൊല്ലം ജില്ലകളിൽ നൽകുന്നത്

3570

ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയത് ഒന്നാം പിണറായി സർക്കാർ - 1,77,011.

ഒരു വർഷം ശരാശരി- 35,402.

 മുന്നിൽ തൃശൂർ

ഒരു വർഷംനൽകിയത്-11,358

 രണ്ടാം സ്ഥാനം

മലപ്പുറം-10,136.

 ഏറ്റവും കുറവ്

തിരുവനന്തപുരം-896.

Advertisement
Advertisement