ആനവണ്ടിയിൽ എല്ലാ ജീവനക്കാർക്കും ശമ്പളം, ആശ്വസിച്ച് കുടുംബങ്ങൾ

Sunday 22 May 2022 12:08 AM IST

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനും പണിമുടക്കിനും ഒടുവിൽ കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകി. സർക്കാർ നൽകിയ 20 കോടി രൂപ കൂടി അക്കൗണ്ടിൽ എത്തിയതോടെയാണ് ശേഷിച്ചവർക്കും ശമ്പളം നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ശമ്പളം നൽകാനായതെന്ന് അധികൃതർ പറഞ്ഞു.

അടുത്ത മാസവും ഈ പ്രതിസന്ധി ആവർത്തിക്കരുതേ എന്നാണ് ജീവനക്കാരുടെ പ്രാർത്ഥന. രണ്ടു മാസമായി ട്രാൻസ്പോർട്ട് ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് ആകെ താളം തെറ്റിയിരുന്നു. ജീവനക്കാരുടെ ദുരവസ്ഥയെ കുറിച്ച് 'സർക്കാർ ബസിൽ കൂലിയില്ല: പട്ടിണിച്ചുഴിയിൽ 25612 കുടുംബം' എന്ന തലക്കെട്ടിൽ കേരളകൗമുദി 18ന് വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത വായിച്ച് ധാരാളം ജീവനക്കാർ കേരളകൗമുദി ഓഫീസിലേക്ക് വിളിച്ച് നന്ദി പറഞ്ഞു. കേരളകൗമുദിയുടെ ഫേസ്ബുക്ക് പേജിലും അവർ നന്ദി വാക്കുകൾ രേഖപ്പെടുത്തി.

അന്നു തന്നെ കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടലുണ്ടായി. 20 കോടി രൂപ കൂടി അനുവദിക്കാൻ ധനവകുപ്പ് തയ്യാറായി. ശനിയാഴ്ചയ്ക്കു മുമ്പ് ശമ്പളം നൽകുന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുന്നതായി കേരളകൗമുദി അടുത്തദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കാർ അനുവദിച്ച 20 കോടി രൂപ ശനിയാഴ്ച വൈകിട്ടോടെയാണ് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയത്. ട്രഷറി നടപടിക്രമങ്ങൾക്ക് ശേഷം രാത്രിയോടെയാണ് പണം ലഭിച്ചതെന്ന് അധികൃതർപറഞ്ഞു. ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക് വെള്ളിയാഴ്ച ശമ്പളം നൽകിയിരുന്നു.

18,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ 52 കോടി രൂപ വേണ്ടിവന്നു. ഏപ്രിലിലെ ശമ്പളം നൽകാൻ 76 കോടിയാണ് വേണ്ടിയിരുന്നത്. 50 കോടി ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്. അതും തിരിച്ചടയ്‌ക്കണം. അടുത്ത മാസത്തെ പ്രതിസന്ധി മുന്നിൽ കണ്ട് 65 കോടി രൂപ കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.