പൊലീസുകാർ ഷോക്കേറ്റു മരിച്ച സംഭവം: വൈദ്യുതി പ്രവഹിപ്പിച്ച സുരേഷ് റിമാൻഡിൽ

Sunday 22 May 2022 12:00 AM IST

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിനു സമീപം പാടത്ത് രണ്ട് പൊലീസുകാർ മരിച്ച സംഭവത്തിൽ സ്ഥലത്ത് വൈദ്യുതി പ്രവഹിപ്പിച്ച എം. സുരേഷ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി-3 റിമാൻഡ് ചെയ്‌തത്. സുരേഷിനെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ തിങ്കളാഴ്‌ച സമർപ്പിക്കും. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ സുരേഷിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മൂന്നു ദിവസത്തേക്കെങ്കിലും പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനാണ് അന്വേഷകസംഘം ശ്രമിക്കുന്നത്.

ക്യാമ്പിനോട് ചേർന്ന സുരേഷിന്റെ പറമ്പിൽ പന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കെണിയിൽ അബദ്ധത്തിൽപ്പെട്ടാണ് ഹവിൽദാർമാരായ അശോകൻ (35), മോഹൻദാസ് (36) എന്നിവർ മരിച്ചത്. സുരേഷിനെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയത്. പൊലീസുകാരെ അഞ്ഞൂറ് മീറ്ററോളം എടുത്ത് കൊണ്ടുപോയി മാറ്റിയിട്ടത് ഒറ്റയ്‌ക്കാണ് എന്നാണ് സുരേഷിന്റെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഹേമാംബിക സി.ഐ എ.സി.വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Advertisement
Advertisement