നാളികേര വില കൂപ്പുകുത്തുന്നു,​ ആശങ്കയിൽ കേരകർഷകർ

Sunday 22 May 2022 12:16 AM IST

നിലമ്പൂർ: നാളികേര വില അനുദിനം കൂപ്പുകുത്തുന്നത് കേരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പൊളിച്ച നാളികേരത്തിന് കിലോക്ക് 24 മുതൽ 25 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത് നേരത്തെ 43 രൂപ വരെ ഉയർന്ന വിലയാണ് ഇപ്പോൾ നേരെ പകുതിയോളം ആയി കുറഞ്ഞത് .
കഴിഞ്ഞ മാസം ആദ്യം കിലോക്ക് 33 രൂപ ലഭിച്ചിരുന്നു.പച്ച തേങ്ങക്ക് 32 രൂപയാണ് സർക്കാർ നിശ്ചയിച്ച താങ്ങുവില. സംസ്ഥാനത്ത് ഈ വിലക്ക് പച്ചത്തേങ്ങ എടുക്കാൻ കോഴിക്കോട്, മലപ്പുറം, തൃശൂർ ,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലായി ആകെ അഞ്ച് സംഭരണ കേന്ദ്രങ്ങൾ മാത്രമാണ് സർക്കാർ ആരംഭിച്ചത്. കൃഷിഭവനിൽ നിന്നുള്ള റസീത് ഉൾപ്പെടെ സമർപ്പിച്ചാൽ മാത്രമേ ഇവിടെ നാളികേരം എടുക്കൂ.തേങ്ങ എത്തിക്കാൻ വാഹനവാടക തന്നെ വൻ തുക വേണ്ടി വരുന്നതിനാൽ അതാതു ജില്ലകളിൽ ഉള്ളവർ പോലും നാളികേരം സംഭരണകേന്ദ്രങ്ങളിലെത്തിക്കാതെ തോട്ടങ്ങളുടെ അടുത്തുള്ള പൊതുവിപണിയിൽ കിട്ടുന്ന വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്.സർക്കാർ നിയന്ത്രണത്തിൽ 105.90 രൂപക്ക് കൊപ്ര സംഭരിക്കുന്നതും അനശ്ചിതത്തിലായിട്ടുണ്ട്.കഴിഞ്ഞവർഷം കാലാവസ്ഥ അനുകൂലമായി കൂടുതൽ മഴ ലഭിച്ചതിനാൽ ഇത്തവണ എല്ലാ ജില്ലകളിലും നാളികേര ഉദ്പാദനം വൻതോതിൽ കൂടിയിട്ടുണ്ട്.കിലോക്ക് 35 രൂപ ലഭിച്ചാൽ മാത്രമേ മിച്ചമായി എന്തെങ്കിലും ലഭിക്കുവെന്ന് കർഷകർ പറയുന്നത്.ഒരു തെങ്ങിൽ കയറാൻ തന്നെ 40 മുതൽ 50 രൂപ വരെ കൂലി വേണം. പൊതിക്കുന്നതിന്് തേങ്ങ ഒന്നിന് ഒരു രൂപ നൽകണം. പെറുക്കി കൂട്ടാനുള്ള കൂലിച്ചെലവ് വാഹന വാടക തുടങ്ങിയവയെല്ലാം ഇതിനുപുറമേയാണ്. വില കുറയുന്നതിനാൽ കച്ചവടക്കാർ നാളികേരം എടുക്കാത്ത സാഹചര്യവും വിവിധയിടങ്ങളിലുണ്ട്.

Advertisement
Advertisement