റിസർവ് ബാങ്കിന്റെ സർപ്ളസ് ദശാബ്ദത്തിലെ താഴ്ചയിൽ

Monday 23 May 2022 3:28 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കായി (2021-22) കേന്ദ്രസർക്കാരിന് നൽകാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 30,307 കോടി രൂപയുടെ സർപ്ളസ് ദശാബ്‌ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞതുക. 2020-21ൽ 99,126 കോടി രൂപ കേന്ദ്രത്തിന് സർപ്ളസായി നൽകിയിരുന്നു. ഇതിനേക്കാൾ 69 ശതമാനം കുറവാണ് കഴിഞ്ഞവർഷത്തേത്.

കേന്ദ്രസർക്കാർ നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്നത് റിസർവ് ബാങ്കിൽ നിന്ന് 73,948 കോടി രൂപയാണ്. ഇതിന്റെ 40 ശതമാനം മാത്രമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച സർപ്ളസ്. സാമ്പത്തിക ചെലവുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തെ ഇത് നിർബന്ധിതരാക്കിയേക്കും.

തിരിച്ചടിയായത്

റിവേഴ്‌സ് റിപ്പോ

ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന അധികപ്പണത്തിന് ഉയർന്ന പലിശ (റിവേഴ്‌സ് റിപ്പോ) നൽകേണ്ടി വന്നതാണ് കേന്ദ്രത്തിന്റെ സർപ്ളസ് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.

2021-22ലെ റിവേഴ്‌സ് റിപ്പോ ലേലങ്ങളിൽ ദിവസേന 6-7 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിച്ചത്. ശരാശരി 3.5 ശതമാനം പലിശ ഇതിന് കൊടുക്കേണ്ടിവന്നു. ഇതുപ്രകാരം റിസർവ് ബാങ്കിനുണ്ടായ ബാദ്ധ്യത 21,000-24,500 കോടി രൂപയാണ്.