എഫ്.പി.ഐയിൽ ക്ഷീണം; എഫ്.ഡി.ഐയിൽ നേട്ടം

Monday 23 May 2022 3:48 AM IST

കൊച്ചി: ആഗോള സാമ്പത്തികഞെരുക്കത്തെ തുടർന്ന് ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശനിക്ഷേപം (എഫ്.പി.ഐ) കുത്തനെ ഇടിയുമ്പോഴും വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) ദൃശ്യമാകുന്നത് റെക്കാഡ് വളർച്ച. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഈമാസം രണ്ടുമുതൽ 20 വരെയുള്ള കാലയളവിൽ പിൻവലിച്ചത് 35,137 കോടി രൂപയാണ്. നടപ്പുവർഷം ഇതുവരെ (ഏപ്രിൽ1-മേയ് 20) പിൻവലിച്ച മൊത്തംതുക 1.62 ലക്ഷം കോടി രൂപ.

റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ ഉൾപ്പെടെ ആഗോള കമ്മോഡിറ്റി വിലകളിലുണ്ടായ വർദ്ധന, വിതരണശൃംഖലയിലെ തടസം മൂലമുണ്ടായ ലഭ്യതക്കുറവ്, റെക്കാഡ് തകർത്തുയരുന്ന നാണയപ്പെരുപ്പം, ഉയർന്ന പലിശനിരക്ക് തുടങ്ങിയ കാരണങ്ങളാലാണ് എഫ്.പി.ഐ പിന്മാറ്റം. ഈമാസം ഇതുവരെ ഇന്ത്യൻ കടപ്പത്ര വിപണിയിൽ നിന്ന് 6,133 കോടി രൂപയും എഫ്.പി.ഐ പിൻവലിച്ചിട്ടുണ്ട്.

കൊവിഡിലും ഉലയാതെ എഫ്.ഡി.ഐ

ആഗോള സമ്പദ്‌രംഗത്ത് മാന്ദ്യക്കാറ്റ് ആഞ്ഞടിക്കുകയാണെങ്കിലും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) റെക്കാഡ് ഉയരത്തിലെത്തി. 2021-22ൽ 8,357 കോടി ഡോളറാണ് ഇന്ത്യ നേടിയത്. 2020-21ൽ 8,197 കോടി ഡോളർ ലഭിച്ചിരുന്നു.

കൊവിഡ് കാലത്താണ് ഇന്ത്യ എഫ്.ഡി.ഐയിൽ ശ്രദ്ധേയനേട്ടം കുറിച്ചതെന്ന പ്രത്യേകതയുണ്ട്. കൊവിഡിന് മുമ്പത്തെ രണ്ടുവർഷക്കാലം (2018 ഫെബ്രുവരി-2020 ഫെബ്രുവരി)​ പരിഗണിച്ചാൽ എഫ്.ഡി.ഐ 14,​110 കോടി ഡോളറായിരുന്നു. കൊവിഡിൽ (2020 മാർച്ച്-2022 മാർച്ച്)​ ഇത് 17,​184 കോടി ഡോളറായി; വർദ്ധന 22 ശതമാനം.

മുന്നിൽ സിംഗപ്പൂർ

ഇന്ത്യയിലേക്ക് ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുക്കുന്നത് സിംഗപ്പൂരാണ്.

 സിംഗപ്പൂർ : 27%

 അമേരിക്ക : 18%

 മൗറീഷ്യസ് : 16%

കർണാടകയാണ് താരം

ഏറ്റവുമധികം എഫ്.ഡി.ഐ നേടിയ സംസ്ഥാനങ്ങൾ:

 കർണാടക : 38%

 മഹാരാഷ്‌ട്ര : 26%

 ഡൽഹി : 14%