ചൈനയെ കൈവിടാൻ ആപ്പിൾ; നോട്ടം ഇന്ത്യയിലേക്ക്

Monday 23 May 2022 3:41 AM IST

ന്യൂഡൽഹി: ചൈനയിൽ കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും രൂക്ഷമായതോടെ മറ്റു രാജ്യങ്ങളിലെ പ്രൊഡക്‌ഷൻ യൂണിറ്റുകളിൽ ഉത്‌പാദനം കൂട്ടാൻ ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഒരുങ്ങുന്നു. ഐഫോൺ നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനങ്ങളോട് ആപ്പിൾ ഇക്കാര്യം നിർദേശിച്ചുവെന്നാണ് സൂചന. ഇന്ത്യയിലും വിയറ്റ്‌നാമിലും ആപ്പിളിന് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ട്.

ഇന്ത്യയിലെ ഉത്‌പാദനം പരമാധി കൂട്ടാനാണ് ആപ്പിൾ പ്രധാനമായും ആലോചിക്കുന്നത്. ചൈനയിലെപ്പോലെ ഇന്ത്യയിലും തൊഴിലാളിവേതനം കുറവാണെന്നതാണ് മുഖ്യകാരണം. വിദഗ്ദ്ധതൊഴിലാളികൾക്ക് ഇന്ത്യയിൽ ക്ഷാമവുമില്ല.

യുക്രെയിനിൽ അധിനിവേശം നടത്തിയ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയെ ഉത്പാദനത്തിനായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ ഉൾപ്പെടെയുള്ള അമേരിക്കൻ, യൂറോപ്യൻ കമ്പനികൾ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ തീരുമാനത്തിന് ആക്കംകൂട്ടി ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം കൂടിയത്.

നിലവിൽ ഐഫോൺ, ഐപാഡ്, മാക്‌ബുക്ക് ലാപ്ടോപ്പ് എന്നിവയുടെ ഉത്പാദനത്തിൽ 90 ശതമാനവും ചൈനയിലാണ്. കഴിഞ്ഞവർഷം ഐഫോൺ ഉത്‌പാദനത്തിൽ 3.1 ശതമാനമായിരുന്നു ഇന്ത്യയുടെ പങ്ക്. ഇത് സമീപഭാവിയിൽ തന്നെ 6-7 ശതമാനത്തിലേക്ക് ഉയർത്താനാണ് നീക്കം. തായ്‌വാൻ കമ്പനികളായ ഫോക്‌സ്‌കോൺ ടെക്‌നോളജീസ്, വിസ്‌ട്രോൺ കോർപ്പറേഷൻ എന്നിവയാണ് ആപ്പിളിനുവേണ്ടി ഐഫോണുകൾ നിർമ്മിക്കുന്നത്. ഐഫോണിന്റെ ഏറ്റവും പുത്തൻ മോഡലായ ഐഫോൺ 13ന്റെ ഉത്‌പാദനവും കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ തുടങ്ങിയിരുന്നു.

Advertisement
Advertisement