തൃക്കാക്കര: കുടിലുകളിൽ വരെ വി.ഐ.പി പട

Monday 23 May 2022 3:42 AM IST

കൊച്ചി: ചുമട്ടു തൊഴി​ലാളി​ കാക്കനാട് പാട്ടുപുര നഗർ കല്ലടായി​ത്തടം രാജപ്പന്റെ വീട്ടിൽ ഇന്നലെ രാവി​ലെ നിനച്ചിരിക്കാതെ ഒരതി​ഥി​യെത്തി.വി​ദ്യാഭ്യാസ മന്ത്രി​ വി​. ശി​വൻകുട്ടി​. വി​വരമറി​ഞ്ഞ് അയൽപക്കത്തുള്ളവരും ഒപ്പം കൂടി. കുശലാന്വേഷണം, പരാതി​ കേൾക്കൽ, തമാശ അങ്ങനെ അര മണി​ക്കൂർ. രാജപ്പന്റെ ഭാര്യ സുജാത നൽകിയ ചായയും കുടി​ച്ചു. ദമ്പതി​കൾക്കും മകൾ അരുണയ്ക്കും ചുമട്ടുതൊഴി​ലാളി​യായ മകൻ അനൂജി​നും മന്ത്രി​യുടെ സന്ദർശനം വിസ്മയമായി.

തൃക്കാക്കരയി​ൽ ഇത് പതി​വ് കാഴ്ച. പുലർച്ചയെന്നോ സന്ധ്യയെന്നോ ഇല്ലാതെ വീട്ടിലേക്ക് ചിരിച്ച് കയറി വരുന്നത് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും മുതിർന്ന നേതാക്കളും. ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ളവർ കുടിലുകളിൽ വരെ എത്തുന്നതിന്റെ കൗതുകത്തിലാണ് ജനങ്ങൾ. തങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അവർ ക്ഷമയോടെ ദീർഘനേരം കേൾക്കുന്നു. മന്ത്രിമാർ മുതൽ യുവജന നേതാക്കൾ വരെ വൻപടയുണ്ട് .

മുഖ്യമന്ത്രി പിണറായി വിജയൻ നാലു ദിവസം ക്യാമ്പ് ചെയ്തു. മുഴുവൻ മന്ത്രിമാരും പ്രചാരണത്തിനെത്തി. എം.പിമാരിൽ ഭൂരിഭാഗവും സ്ഥലത്തുണ്ട്. നൂറിലേറെ എം.എൽ.എമാരാണ് വീടുകൾ കയറിയിറങ്ങുന്നത്. ഒന്നിലേറെ മന്ത്രിമാരും നേതാക്കളും കയറാത്ത വീടുകളില്ല. ഓരോ വോട്ടും ഉറപ്പിക്കാനും മറിക്കാനുമുള്ള തീവ്രശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയ താത്പര്യമി​ല്ലാത്തവർക്കായി​ പൊതുസ്വീകാര്യതയുള്ളവരെയും രംഗത്തിറിക്കിയിട്ടുണ്ട്. ബി.ജെ.പി​യുടെ കേന്ദ്ര നേതാക്കളുടെ അഭാവം തീർക്കാൻ സംസ്ഥാന നേതാക്കൾ ഏതാണ്ടെല്ലാവരും തൃക്കാക്കരയി​ലുണ്ട്.

-മുഹമ്മദ് റിയാസാണ് ആദ്യമെത്തിയ മന്ത്രി. പിന്നാലെ മന്ത്രിമാരും നേതാക്കളും പല തവണ വന്നു. സാധാരണക്കാർ കൂടുതൽ താമസിക്കുന്ന ഞങ്ങളുടെ മേഖലയിൽ അവർ വരുന്നത് അഭിമാനവും സന്തോഷവുമാണ്.

-എം.ജെ. ജെയിംസ്,

പ്രസിഡന്റ്,

തലയോലപ്പാടം

റസിഡന്റ്സ് അസോ.

Advertisement
Advertisement