കണ്ണീർ മഴയിൽ സാന്ത്വനവുമായി  മേധാപട്കർ കാസർകോട്ട്

Monday 23 May 2022 12:09 AM IST
ലോകപ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കർ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രത്തിനായി ഏറ്റെടുത്ത സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോൾ..

ജില്ലയിലെ എൻഡോസൾഫാൻ ഗ്രാമങ്ങൾ സന്ദർശിച്ചു

കാസർകോട്: കീടനാശിനി പ്രയോഗത്തിൽ കണ്ണീരും ദുരിതവുമായി കഴിയുന്ന ജീവിതങ്ങൾക്ക് സാന്ത്വനം പകർന്ന് ലോകപ്രശസ്ത സാമൂഹ്യ, പരിസ്ഥിതി പ്രവർത്തക മേധാപട്കർ.

രാവിലെ ഏഴു മണിയോടെ മംഗളൂരുവിൽ വിമാനം ഇറങ്ങിയ അവർ ഒമ്പതുമണിയോടെ ദുരിതം അനുഭവിക്കുന്ന അണങ്കൂരിലെ കുട്ടിയുടെ വീട്ടിൽ സന്ദർശനത്തിന് തുടക്കംകുറിച്ചു. എൻഡോസൾഫാൻ ഇരകളുടെ വീടുകളിലെത്തി ആശ്വാസം പകർന്ന മേധാപട്കർ മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. പുനരധിവാസ കേന്ദ്രത്തിനായി ഇവിടെ 25 ഏക്കർ ഏറ്റെടുത്തെങ്കിലും നിർമ്മാണം തുടങ്ങിയിട്ടില്ല.

തുടർന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായി കൂടിക്കാഴ്ച നടത്തി എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാരും ജില്ലാ ഭരണാധികാരികളും നീതികാണിക്കണമെന്ന് ആവശ്യപ്പെട്ടു. കളക്ടറുമായുള്ള ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ,​ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. രാജേന്ദ്രൻ, മനുഷ്യവകാശ പ്രവർത്തകൻ ഡോക്ടർ ഡി. സുരേന്ദ്രനാഥ്‌, എൻഡോസൾഫാൻ വിരുദ്ധ സമര സമിതി ജനറൽ കൺവീനർ കെ.ബി. മുഹമ്മദ്‌ കുഞ്ഞി,പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേശൻ അരമങ്ങാനം, ഫറീന കോട്ടപ്പുറം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

നടപടി വൈകുന്നു: മേധാപട്കർ

എൻഡോസൾഫാൻ കൊടിയ ദുരിതം വിതച്ചിട്ടും ഭരണകൂടത്തിന്റെ നടപടികൾ വൈകിച്ച് ഇരകൾക്ക് നീതി നിഷേധിക്കുകയാണ്. കാസർകോട്ട് ചിലകേന്ദ്രങ്ങളിൽ എൻഡോസൾഫാൻ ഇപ്പോഴും സ്റ്റോക്ക് ചെയ്തിരിക്കുകയാണ്. പാലക്കാട്ട് എൻഡോസൾഫാൻ മുഴുവൻ നശിപ്പിച്ചിട്ടും കാസർകോട്ട് അതിന് തുനിയാത്തത് കടുത്ത അനീതിയാണ്.

Advertisement
Advertisement