പി.സി. ജോർജിനേക്കാൾ അപകടകരമായി പ്രസംഗിച്ചവർക്കെതിരെ നടപടിയില്ല: കെ. സുരേന്ദ്രൻ
തൃശൂർ: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കാരണത്താൽ പി.സി. ജോർജിനെ വലിയ കുറ്റവാളിയാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവർക്ക് അംഗത്വം നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടകരമായ പ്രസംഗം നടത്തിയ മുസ്‌ലിം മതപണ്ഡിതരെയും മറ്റും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.സി. ജോർജിനെ ഒറ്റപ്പെടുത്താനും വേട്ടയാടാനുമാണ് തീരുമാനമെങ്കിൽ അദ്ദേഹത്തിന് ബി.ജെ.പി എല്ലാ പിന്തുണയും നൽകും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും വർഗീയ ശക്തികളുടെ വെല്ലുവിളി ബി.ജെ.പിക്കും ആർ.എസ്.എസിനും മാത്രമല്ല ക്രൈസ്തവ വിഭാഗത്തിനുമുണ്ട്. കോൺഗ്രസിന്റെയും മാർക്‌സിസ്റ്റിന്റെയും നിലപാടുകളാണ് എ.സി.ഡി.പി.ഐയുടെ വളർച്ചയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പെട്രോൾ - ഡീസൽ എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിട്ടും 30 ശതമാനം വാങ്ങുന്ന അധിക നികുതിയിൽ നിന്ന് ഒരു പൈസ പോലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നത് മനുഷ്യത്വരഹിതമാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സർക്കാർ അധികനികുതി കുറച്ചില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും. പിണറായി സർക്കാരിനെതിരെ പ്രതികരിക്കാതെ മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെയാണ് കോൺഗ്രസ് പ്രചാരണമെന്നും ബി.ജെ.പി പ്രസിഡന്റ് കുറ്റപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സർക്കാരിന് ഇനിയും നയം മാറ്റേണ്ടി വരും. കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി വലിയ ആത്മവിശ്വസത്തോടെയാണ് നേരിടുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.