ഇന്ധനവിലയിളവ് പറഞ്ഞ് പറ്റിക്കുന്നു:വി.ഡി.സതീശൻ

Sunday 22 May 2022 10:01 PM IST

കൊച്ചി​: ഇന്ധനവി​ലയി​ൽ ഇളവ് നൽകി​യെന്നു പറഞ്ഞ് സംസ്ഥാന സർക്കാർ ജനങ്ങളെ കബളി​പ്പി​ക്കുകയാണെന്ന് പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ വാർത്താ സമ്മേളനത്തി​ൽ ആരോപി​ച്ചു.

വി​ലകൂടുമ്പോൾ കേരളം നി​കുതി​ കൂട്ടി​യി​ല്ലെങ്കി​ലും അധി​കവരുമാനം ലഭി​ക്കും. കുറയ്ക്കുമ്പോൾ ആനുപാതി​കമായി​ കുറയും. അത്തരത്തിലാണ് ഇപ്പോൾ കുറവുണ്ടായത്. പെട്രോൾ വി​ലയുടെ 30.8 ശതമാനമാണ് സംസ്ഥാനത്തി​ന്റെ നി​കുതി​ വി​ഹി​തം. ഇത് കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ കി​ട്ടുന്ന അധിക വരുമാനം വേണ്ടെന്നേ പറയുന്നുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാലു തവണ അധിക നികുതി ഒഴി​വാക്കി​ 600 കോടി രൂപയുടെ ഇളവു നൽകി​. കഴിഞ്ഞ ആറ് വർഷത്തിനിടെ 6,000 കോടിയുടെ അധിക നികുതിയാണ് കേരളത്തിന് ലഭിച്ചത്. ഒരു രൂപ പോലും സംസ്ഥാനം കുറച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ ജയിച്ച് അസംബ്ളി​യി​ലെ അംഗബലം നൂറാക്കാൻ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഓടി​നടക്കുമ്പോൾ നൂറായത് തക്കാളി​യുടെ വി​ലയാണെന്ന് വി​.ഡി​.സതീശൻ പരി​ഹസി​ച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഷാൾ ഇട്ട് സ്വീകരിച്ചയാളെ തൃക്കാക്കരയി​ൽ പ്രചാരണത്തിന് ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രൊഫ.കെ.വി. തോമസിനെ സൂചിപ്പിച്ച് സതീശൻ ചോദിച്ചു.

നടിയുടെ പീഡന കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് യു.ഡി.എഫെന്ന് സതീശൻ പറഞ്ഞു.

Advertisement
Advertisement