അയിത്തം പടി കടന്നു: ചന്ദ്രൻ പ്രമാണിയായി

Monday 23 May 2022 12:00 AM IST

തൃശൂർ: തൊട്ടുകൂടായ്മയുടെ പേരിൽ ക്ഷേത്രമേളങ്ങളിൽ 'ഭ്രഷ്ട്' കൽപ്പിക്കപ്പെട്ട തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രൻ പ്രസിദ്ധമായ തോട്ടത്തിൽമന ക്ഷേത്രത്തിലെ പഞ്ചവാദ്യ പ്രമാണിയായി. മനയുടെ ചരിത്രത്തിലെ ആദ്യ

സംഭവം.

പാഞ്ഞാൾ വേട്ടേക്കരൻ ക്ഷേത്രത്തിലെ മഹാകിരാത രുദ്രയജ്ഞത്തോട് അനുബന്ധിച്ചുള്ള പഞ്ചവാദ്യത്തിനാണ് കലാമണ്ഡലം വിസിറ്റിംഗ് പ്രൊഫസർ കൂടിയായ ചന്ദ്രൻ നേതൃത്വം നൽകിയത്. കലാമണ്ഡലം, സംഗീത നാടക അക്കാഡമി എന്നിവയുടെ പുരസ്‌കാരം ലഭിച്ച ചന്ദ്രൻ 301 പേരുടെ പഞ്ചവാദ്യം നയിച്ച് ലോക റെക്കാഡും നേടിയിട്ടുണ്ട്. എന്നിട്ടും 60 തവണ ജാതിവിവേചനത്തിന് ഇരയായി. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അപേക്ഷിച്ചിട്ടും അവസരം കിട്ടിയില്ല. പാലക്കാട്ടെ പ്രസിദ്ധമായ നെന്മാറ വേലയ്ക്ക് പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാരാരുടെ ക്ഷണപ്രകാരം എത്തിയിട്ടും ജാതിയുടെ പേരിൽ തിരിച്ചയച്ചു. കൂടെ കൊട്ടുന്നവർക്കായിരുന്നു എതിർപ്പ്. തൃശൂർ ആറങ്ങോട്ടുകരയിൽ ക്‌ളബ് ബുക്ക് ചെയ്ത തായമ്പകയ്ക്ക് പോയപ്പോൾ അയിത്തം കൽപ്പിച്ചത് കമ്മിറ്റിക്കാർ. ഇതിൽ പ്രതിഷേധിച്ച് നടുറോഡിൽ മേളം നടത്തി.

ചരിത്രം വഴി മാറി

പാഞ്ഞാൾതോട്ടത്തിൽ മനയിലെ കാരണവർ കുട്ടൻ നമ്പൂതിരിയോട് തന്റെ അയിത്താനുഭവങ്ങൾ ചന്ദ്രൻ വിവരിച്ചു. ഗുരുവും പുരോഗമന ചിന്താഗതിക്കാരനുമായ അദ്ദേഹം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ പിന്തുണ തേടി. പിന്നീട് ക്ഷേത്രം തന്ത്രി, വെളിച്ചപ്പാട്, കുറുപ്പ് എന്നിവരുമായും ചർച്ച ചെയ്തു. തുടർന്നാണ് മാരാർമാർ മാത്രം പഞ്ചവാദ്യം കൊട്ടിയിരുന്ന വേട്ടേക്കരൻ ക്ഷേത്രത്തിൽ ചന്ദ്രൻ പ്രമാണിയായത്. മനയുടെ വക വാദ്യരത്‌ന പുരസ്‌കാരവും ലഭിച്ചു.

'വാദ്യകലയിലെ അയിത്തത്തിനെതിരെ ഇതൊരു തുടക്കമാകുമെന്നും, അടഞ്ഞ വാതിലുകൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നു'.

- പെരിങ്ങോട് ചന്ദ്രൻ

'പിന്നാക്കക്കാർക്കും പ്രതിഷ്ഠ നടത്തുകയും പൂജിക്കുകയും ചെയ്യാമെന്ന് ശ്രീനാരായണ ഗുരു ഉൾപ്പെടെ തെളിയിച്ചിട്ടുണ്ട്. കർമ്മമാണ് ബ്രാഹ്മണ്യം നിശ്ചയിക്കുന്നത്'.

- കുട്ടൻ നമ്പൂതിരി