കർദ്ദിനാളിനെതിരായ വ്യാജരേഖ : അന്വേഷണ പുരോഗതി അറിയിക്കണം

Wednesday 22 May 2019 12:56 AM IST

കൊച്ചി : സീറോ മലബാർ സഭയിലെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ചമച്ചെന്ന കേസിൽ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി അന്വേഷണ സംഘത്തിനു നിർദേശം നൽകി.

വ്യാജരേഖ ചമച്ചെന്നാരോപിച്ച് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ എറണാകുളം - അങ്കമാലി അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, സത്യദീപം ഇംഗ്ളീഷ് പതിപ്പ് ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

കർദ്ദിനാളിന്റെ പേരിലുള്ള രഹസ്യ അക്കൗണ്ടിലൂടെ വൻതുകയുടെ ഇടപാടുകൾ നടത്തിയെന്നാരോപിക്കുന്ന രേഖകൾ തനിക്ക് കിട്ടിയത് പോൾ തേലക്കാട്ട് ജേക്കബ് മനത്തോടത്തിന് കൈമാറിയിരുന്നു. മനത്തോ‌ടത്ത് രേഖകൾ കർദ്ദിനാളിന് കൈമാറിയിരുന്നു. തനിക്ക് ഇത്തരത്തിൽ അക്കൗണ്ടില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കിയതോടെയാണ് വ്യാജരേഖ ചമച്ചെന്നാരോപിച്ച് മെത്രാൻ സിനഡ് കേസ് നൽകിയത്.

തങ്ങൾക്കു ലഭിച്ച രേഖകൾ ഉത്തരവാദിത്വപ്പെട്ടവർക്ക് നൽകുകയാണ് ചെയ്തതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനു പകരം പൊലീസ് തങ്ങൾക്കെതിരെ കേസെടുക്കുകയാണ് ചെയ്തതെന്നും പോൾ തേലക്കാട്ടും ജേക്കബ് മനത്തോടത്തും ഹർജിയിൽ പറയുന്നു.