പുജാര വീണ്ടും ടെസ്റ്റ് ടീമിൽ

Monday 23 May 2022 12:45 AM IST

മുംബയ് : ഇംഗ്ളണ്ടിനെതിരായ കഴിഞ്ഞ പര്യടനത്തിൽ കൊവിഡ് പ്രശ്നങ്ങളെത്തുടർന്ന് മാറ്റിവച്ച അഞ്ചാം ടെസ്റ്റ് ജൂലായ്‌ ഒന്നുമുതൽ അഞ്ചുവരെ എഡ്ജ്ബാസ്റ്റണിൽ നടക്കും . ഈ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വെറ്ററൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പുജാരയെ തിരിച്ചുവിളിച്ചു. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ മോശം ഫോമിന്റെ പേരിൽ പുജാരയ്ക്കൊപ്പം ഒഴിവാക്കപ്പെട്ടിരുന്ന അജിങ്ക്യ രഹാനെയെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടി ഐ.പി.എല്ലിൽ കളിക്കവേ വാരിയെല്ലിന് സംഭവിച്ച പരിക്കാണ് കാരണം.അതേസമയം ഐ.പി.എല്ലിനിടെ പരിക്കേറ്റിരുന്ന രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ വിശ്രമിക്കുന്ന ക്യാപ്ടൻ രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി,ജസ്പ്രീത് ബുംറ എന്നിവർ ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തും.കഴിഞ്ഞ വർഷം ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ റിസർവ് താരമായി ഉൾപ്പെടുത്തിയിരുന്ന പേസർ പ്രസിദ്ധ് കൃഷ്ണ ഇത്തവണ പ്രധാന ടീമിൽ ഇടം പിടിച്ചു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പുജാര ഇംഗ്ളണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ സസക്സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കാൻ കാരണം. സസക്സിനായി എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 720 റൺസാണ് പുജാര അടിച്ചുകൂട്ടിയത്. നാലുസെഞ്ച്വറികളാണ് ഈ കൗണ്ടി സീസണിൽ പുജാര ഇംഗ്ളീഷ് മണ്ണിൽ നേടിയത്.

ഇന്ത്യ ടെസ്റ്റ് ടീം

രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ (വൈസ് ക്യാപ്ടൻ), ശുഭ്മാൻ ഗിൽ , വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി,ചേതേശ്വർ പുജാര, റിഷഭ് പന്ത്,കെ.എസ് ഭരത്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ശാർദ്ദൂൽ താക്കൂർ, ഷമി,ജസ്പ്രീത് ബുംറ,സിറാജ്,ഉമേഷ് യാദവ്,പ്രസിദ്ധ് കൃഷ്ണ.

Advertisement
Advertisement