അമ്മമാരുടെ സ്നേഹപ്പന്തലിൽ നിരഞ്ജനയ്‌ക്കും സംഗീതിനും ജീവിതസാഫല്യം

Monday 23 May 2022 12:51 AM IST

പൊന്നാനി: കുഞ്ഞുനാൾ മുതൽ കണ്ടുപരിചയമുള്ള തവനൂർ വയോജനമന്ദിരത്തിലെ അമ്മമാരുടെ കൺമുന്നിൽ, അവരുടെ മനസ് നിറഞ്ഞ അനുഗ്രഹവുമായി നിരഞ്ജനയും സംഗീതും ജീവിതത്തിലേക്ക് കൈപിടിച്ചു. മുൻ നിയമസഭ സ്‌പീക്കറും നോർക്ക റൂട്ട്സ് ചെയർമാനുമായ പി. ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകളാണ് നിരഞ്ജന. തിരുവനന്തപുരം പി.ടി.പി നഗർ 'വൈറ്റ്‌പേളി" ൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ് സംഗീത്. മക്കളുടെ സ്നേഹത്തണലില്ലാതെ വയോജന മന്ദിരത്തിൽ കഴിയുന്നവരുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടത്തണമെന്ന നിരഞ്ജനയുടെ ആഗ്രഹമാണ് ഇന്നലെ പകൽ സഫലമായത്.

ശ്രീരാമകൃഷ്‌ണനും കുടുംബവും സാമൂഹികനീതി വകുപ്പിനു കീഴിലുള്ള തവനൂർ വയോജന മന്ദിരത്തിൽ സ്ഥിരം സന്ദർശകരായിരുന്നു. ഓണമുൾപ്പെടെ പ്രധാന ആഘോഷങ്ങളെല്ലാം ഇവിടെയായിരുന്നു ആഘോഷിച്ചിരുന്നത്. ഇവിടെയുള്ള അമ്മമാരുമായുള്ള മാനസിക അടുപ്പമാണ് അവർക്കുമുന്നിൽ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്.

കൊട്ടും കുരവയുമില്ലാതെയായിരുന്നു താലിചാർത്തൽ. ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാല കൈമാറി. വധൂവരന്മാരുടെ കൈകൾ ചേർത്തുവച്ച് ശ്രീരാമകൃഷ്‌ണൻ ഇരുവരെയും അനുഗ്രഹിച്ചതോടെ ചടങ്ങ് പൂർത്തിയായി. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്. ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. എം.ബി.എയ്‌ക്ക് പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. അബ്‌ദുറഹിമാൻ, എം.എൽ.എമാരായ കെ.ടി.ജലീൽ, പി.നന്ദകുമാർ, പി. മമ്മിക്കുട്ടി, മുൻ മന്ത്രി വി. എസ് സുനിൽകുമാർ , മുൻ എം.എൽ.എമാരായ വി. ശശികുമാർ, വി.കെ.സി. മമ്മദ് കോയ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ,​ സിനിമാതാരം വി.കെ. ശ്രീരാമൻ, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരും പങ്കെടുത്തു.