വൈദ്യുതി ബിൽ അടയ്ക്കാൻ മുഴുവൻ തുകയും ഇല്ല; ഉദ്യോഗസ്ഥർ കണക്ഷൻ വിച്ഛേദിച്ചതിന് പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Monday 23 May 2022 10:22 AM IST

കായംകുളം: വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എരുവ ഉണ്ണിയേഴത്ത് നാരായണനെ(ബാബു-60) ആണ് വീടിനോട് ചേർന്നുള്ള പലചരക്കു കടയിൽ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് തർക്കമുണ്ടായത്. ഇതിന്റെ പേരിൽ നാരായണന്റെ അയൽവാസിയും പ്രദേശത്തെ സിപിഎം കൗൺസിലറുടെ ഭർത്താവും കൂടിയായ ഹരികുമാറും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായരുന്നു. ഈ പ്രശ്നത്തിന്റെ പേരിൽ സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ആർ ഹരികുമാറിനെതിരെ കഴിഞ്ഞ ദിവസം പാർട്ടി നടപടിയെടുത്തിരുന്നു.

വൈദ്യുതി ബിൽ തുകയായി 3500രൂപയാണ് നാരായണന് അടയ്ക്കാനുണ്ടായിരുന്നത്. എന്നാൽ 1500രൂപ മാത്രമേ കൈവശമുണ്ടായിരുന്നുള്ളു. ആ തുക വാങ്ങാൻ ഹരികുമാർ കെഎസ്ഇബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇതേച്ചൊല്ലി ഉദ്യോഗസ്ഥരും ഹരികുമാറും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് ഹരികുമാർ കെഎസ്ഇബി ഓഫീസിലെത്തി ജീവിനക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓഫീസിലെ ഉദ്യോഗസ്ഥനും ഹരികുമാറും തമ്മിലായിരുന്നു തർക്കം. വൈദ്യുത ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ ഹരികുമാറിന്റെ വീട്ടിലെ കണക്ഷൻ കെഎസ്ഇബി ഉദ്യാഗസ്ഥർ വിച്ഛേദിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഹരികുമാറിനെ സസ്പെന്റ് ചെയ്തത്.

ഈ പ്രശ്നങ്ങൾക്ക് ശേഷം നാരായണൻ ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ട് നാരായണന് കടബാദ്ധ്യതകൾ ഉണ്ടായിരുന്നു. ഭാര്യ-ഓമന, മക്കൾ-മിഥുൻബാബു, ദിവ്യബാബു.