പ്രിയപ്പെട്ട അച്ഛന്മാർക്ക്, ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ്; മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യമെന്ന് ജുവൽ മേരി

Monday 23 May 2022 10:44 AM IST

ഇന്നലെ വിസ്മയയും അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. എനിക്കിവിടെ നിൽക്കാൻ കഴിയുന്നില്ലെന്നാണ് വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസം ആ പെൺകുട്ടി പിതാവിനോട് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടിയും അവതാരകയുമായ ജുവൽ മേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഈ വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

മരിച്ചുകഴിഞ്ഞ് നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്‌കെയിൽ ആണ് നിയമത്തിൽ ഉള്ളതെന്നും നടി ചോദിക്കുന്നു. പെൺകുട്ടികൾ അറവുമാടുകളല്ലെന്നും, ഒരു അടിയും നിസാരമല്ലെന്നും ജുവൽ മേരി കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല, എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് !

ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ടുവന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല!

പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേയറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥത കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു. ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാർക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല !

Advertisement
Advertisement