അങ്ങ് ജപ്പാനിലും മോദിക്ക് മലയാളത്തിൽ 'സ്വാഗതം'; കൗതുകമായി സ്വീകരണം, കുട്ടികളെ നിരാശരാക്കാതെ പ്രധാനമന്ത്രി

Monday 23 May 2022 11:56 AM IST

ക്വാഡ് ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കുന്ന കാഴ്‌ചയായി സ്വീകരിക്കാനെത്തിയ കുട്ടികളടങ്ങുന്ന ഇന്ത്യൻ സമൂഹം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. മലയാളം ഉൾപ്പടെ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ 'സ്വാഗതം' എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചായിരുന്നു മോദിയെ ഇവർ സ്വീകരിച്ചത്.

മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങാനായും കുട്ടികൾ ശ്രമിച്ചു. ഇവർ തങ്ങളുടെ സൃഷ്ടികൾ പ്രധാനമന്ത്രിയെ കാണിച്ചു. ഇന്ത്യക്കാർക്കൊപ്പം ജാപ്പനീസ് കുട്ടികളും മോദിയ്ക്ക് സ്വാഗതമേകാൻ എത്തിയിരുന്നു.

തന്നെ സ്വീകരിക്കാനെത്തിയ കുട്ടികളെ പ്രധാനമന്ത്രി നിരാശരാക്കിയില്ല. ഇവരോട് കുശലം ചോദിച്ച് പലർക്കും ഓട്ടോഗ്രാഫും നൽകിയാണ് മോദി നടന്നു നീങ്ങിയത്.

മെയ് 24ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ നരേന്ദ്ര മോദിയ്‌ക്കൊപ്പം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസെ എന്നിവർ പ​ങ്കെടുക്കും.