രാജുവിന്റെ കൈയിൽ 20 ലക്ഷത്തിന്റെ വാച്ചുണ്ട്; ലംബോർഗിനിയുടെ വില കേട്ടപ്പോഴും ഞാൻ ഞെട്ടി; വീഡിയോ

Monday 23 May 2022 5:28 PM IST

മലയാള സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളുടെ അമ്മയാണ് മല്ലികാസുകുമാരൻ. മക്കളുടെ ഇഷ്ടങ്ങളെയും അനിഷ്‌ടങ്ങളെയും കുറിച്ച് അവർ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു.

'ഒരുപാട് സൈബർ അറ്റാക്ക് നേരിട്ട ആളാണ് രാജു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ സിനിമാസംഘടനയിൽ പ്രശ്നങ്ങളുണ്ടായി. അന്നവന് പത്തൊമ്പത് ഇരുപത് വയസേയുള്ളൂ. വിനയന്റെ പടം ഉൾപ്പെടെ രണ്ട് പടം കമ്മിറ്റ് ചെയ്തിരിക്കുകയാണ്.

എഗ്രിമെന്റ് ഒപ്പിട്ട് കാശ് വാങ്ങിയതാണ്. വിനയന്റെ ചിത്രത്തിൽ അഭിനയിക്കരുതെന്ന് മറ്റുള്ള താരങ്ങൾ നിർബന്ധം പിടിക്കുന്ന സമയം. അഭിനയിച്ചില്ലെങ്കിൽ അത് കേസാകുമോ എന്ന പേടി. അവന്റെ നിസഹായവസ്ഥ ഞാൻ കണ്ടതാണ്. അവനൊപ്പം നിൽക്കാൻ മുതിർന്ന പല ആൾക്കാരും തയ്യാറായില്ല. രണ്ടും കൽപ്പിച്ച് ആ പടത്തിൽ അഭിനയിച്ചു.

വീട്ടിൽ ഞങ്ങളാരും സിനിമയെ കുറിച്ച് വലിയ ചർച്ചകൾ നടത്താറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസെന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും കൂടുതൽ ചർച്ചകളൊന്നും അതിന്റെ പേരിൽ നടത്താറില്ല. എല്ലാവരും ഒന്നിച്ചു കൂടിയാൽ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നത്.

വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്. എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേൽ കാണും. ലംബോർഗിനി വാങ്ങിയപ്പോൾ അതിന്റെ വില കേട്ട് ഞാൻ ഞെട്ടി. അവൻ ചോദിക്കും അമ്മേ ഞാനൊരു വണ്ടിയെടുക്കട്ടേ എന്ന്. എന്റെ പൊന്നുമോനേ നിന്റെ കാശ്,​ നീ ടാക്സ് അടക്കുന്നു,​ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ പറയും."