സർക്കാർ മെഡിക്കൽ കോളേജ്: പ്രധാന തസ്തികകൾ ഒഴിഞ്ഞു തന്നെ

Tuesday 24 May 2022 12:58 AM IST

കൊച്ചി: പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പ്രിൻസിപ്പൽമാർ മാറിമാറിവരുന്നതും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഒഴിവുകൾ നികത്താത്തത് രോഗീപരിചരണത്തിലും വിദ്യാർത്ഥികളുടെ പഠനത്തിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.
എം.ബി.ബി.എസ് കോഴ്‌സിന്റെ അംഗീകാരം നിലനിറുത്തുന്നതിന് അത്യാവശ്യമായ പോസ്റ്റുകൾ പോലും ഒഴിഞ്ഞുകിടക്കുകയാണെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോഗ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഇ.എൻ.ടി, ത്വക്ക് രോഗവിഭാഗം എന്നിവയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ ആളില്ല.
ജനറൽ മെഡിസിൻ വിഭാഗം മേധാവി ഈമാസം വിരമിക്കും. എം.ഡി കോഴ്‌സ് നടക്കുന്ന വിഭാഗമാണിത്. അദ്ധ്യാപകരുടെ കുറവ് മൂലം മെഡിക്കൽ കൗൺസിൽ പിൻവലിച്ച കോഴ്‌സിന്റെ അംഗീകാരം വിദ്യാർത്ഥി നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരണമാണ് തിരികെ ലഭിച്ചത്.
പൽമണോളജി വിഭാഗം പ്രൊഫസർ ഈയിടെ വിരമിച്ചു. പ്രതിരോധ ചികിത്സാ വിഭാഗം മേധാവിയും ഉടൻ വിരമിക്കും. ജൂനിയർ തലത്തിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 11 ബിരുദാനന്തര ബിരുദ സീറ്റുകളുണ്ടെങ്കിലും അടിസ്ഥാന വിഭാഗങ്ങളായ ഗൈനക്കോളജി, സർജറി, ഓർത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നിവയിൽ കോഴ്‌സുകളില്ല.

ഒരുവർഷം മൂന്ന് പ്രിൻസിപ്പൽമാർ
സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് സ്ഥാനക്കയറ്റം ലഭിച്ച് പ്രിൻസിപ്പലായി വരുന്നവരാണ് കൂടുതൽ. ഇവർക്ക് ആശുപത്രിയുടെ വികസനത്തിന് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഒരു വർഷം മൂന്നുപേർ പ്രിൻസിപ്പൽ സ്ഥാനത്ത് മാറിമാറിവന്നിട്ടുണ്ട്. മെഡിക്കൽ കോളജിന്റെ വികസനം ഉറപ്പാക്കാൻ മൂന്നു വർഷമെങ്കിലും പ്രതിബദ്ധതയോടെ ഇരിക്കാൻ തയ്യാറാകുന്ന പ്രിൻസിപ്പലിനെയാണ് ആവശ്യം.

 അദ്ധ്യാപകരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ നടപടികൾ സ്വീകരിയ്ക്കണം. അടുത്ത വർഷമെങ്കിലും പുതിയ പി.ജി. കോഴ്‌സുകൾ ആരംഭിക്കാൻ കഴിയുന്ന രീതിയിൽ സമർത്ഥരായ സീനിയർ പ്രൊഫസർമാരെ നിയമിക്കണം."

ഡോ.എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്

കോഴ്‌സുകൾ, സീറ്റുകൾ

എം.ബി.ബി.എസ് 110 സീറ്റ്


പി.ജി കോഴ്സുകൾ

ജനറൽ മെഡിസിൻ 3

പീഡിയാട്രിക്സ് 2

സൈക്യാട്രി 2

പാത്തോളജി 2

മൈക്രോബയോളജി 2

Advertisement
Advertisement