വാഹന ഇൻഷ്വറൻസ് ക്ളെയിമിൽ വൻ കുറവ്

Tuesday 24 May 2022 3:58 AM IST

കൊച്ചി: രാജ്യത്ത് മോട്ടോർവാഹന ഇൻഷ്വറൻസ് ക്ളെയിം നഷ്‌ടപരിഹാരത്തുക 2019 മുതൽ വൻതോതിൽ കുറയുന്നു. നിസാരവും സാങ്കേതികവുമായ കാരണങ്ങളാൽ ഇൻഷ്വറൻസ് കമ്പനികൾ ക്ളെയിമുകൾ നിഷേധിക്കുന്നത് മാത്രമല്ല, ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള ചെറിയ അശ്രദ്ധകളും നഷ്‌ടപരിഹാരം ലഭിക്കാതിരിക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തലുകൾ.

കേന്ദ്ര ധനമന്ത്രി കഴിഞ്ഞവർഷം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടുപ്രകാരം 2020-21ൽ 3.78 ലക്ഷം മോട്ടോർവാഹന അപകട ഇൻഷ്വറൻസ് ക്ളെയിമുകളാണ് തീർപ്പാക്കിയത്. 2016ന് ശേഷമുള്ള ഏറ്റവും കുറവാണിത്. തേർഡ് പാർട്ടി ഇൻഷ്വറൻസ് ക്ളെയിം തീർപ്പാക്കലുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഇടിവ് 23 ശതമാനമാണ്.

90.28 കോടി രൂപയാണ് 2019-20ൽ രാജ്യത്തെ ഇൻഷ്വറൻസ് കമ്പനികൾ നഷ്‌ടപരിഹാരമായി വിതരണം ചെയ്‌തത്. 2020-21ൽ ഇത് 36 ശതമാനം താഴ്‌ന്ന് 57.33 കോടി രൂപയായി.

ക്ളെയിമുകളിൽ മുന്നിൽ കേരളം

വാഹന ഇൻഷ്വറൻസ് ക്ളെയിം തീർപ്പാക്കലിൽ കേരളമാണ് ഒന്നാമത്. 2020-21ൽ 52,301 ക്ളെയിമുകൾ കേരളത്തിൽ തീർപ്പാക്കി. തെലങ്കാന (48,036), കർണാടക (43,653), ഉത്തർപ്രദേശ് (35,967) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. മഹാരാഷ്‌ട്രയിലും ഡൽഹിയിലും 34-39 ശതമാനം ഇടിവുണ്ടായി.

അശ്രദ്ധയിൽ തെന്നുന്ന നഷ്‌ടപരിഹാരം

ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്ന വേളയിലെ മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽ നഷ്‌ടപരിഹാരം നിഷേധിക്കപ്പെടും. ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നത് ഉൾപ്പെടെ വാഹനത്തിന്റെ കൃത്യമായ രേഖകൾ ഇൻഷ്വറൻസ് കമ്പനിക്ക് സമർപ്പിക്കണം. സ്വകാര്യ കാറുകൾ ചരക്കുനീക്കത്തിന് ഉൾപ്പെടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. അനാവശ്യ മോഡിഫിക്കേഷൻ പാടില്ല. ഡ്രൈവിംഗ് ലൈസൻസില്ലാതെ ഓടിക്കരുത്. സ്വന്തമായി അറ്റകുറ്റപ്പണി നടത്തരുത്. ക്ളെയിമുകൾ സമയപരിധിക്കുള്ളിൽ തന്നെ സമർപ്പിക്കണം. ഇത്തരം ചട്ടങ്ങൾ പാലിക്കാത്തപക്ഷം ഇൻഷ്വറൻസ് കിട്ടില്ല.

Advertisement
Advertisement