ചന്ദനമരം കട്ടതല്ല, 'വെട്ടിവിൽക്കൽ' സ്ഥലമുടമയും അറിഞ്ഞ്

Tuesday 24 May 2022 12:05 AM IST

 സ്ഥലമുടമയും കേസിൽ പ്രതിയാകും

കൊച്ചി: കൊച്ചിയിൽ വിൽക്കാനെത്തിച്ച 93 കിലോഗ്രാം ചന്ദനമുട്ടി പിടികൂടിയ കേസിൽ വഴിത്തിരിവ്. പ്രതികൾ ചന്ദനമരം സ്വകാര്യ ഭൂമിയിൽ നിന്ന് മോഷ്ടിച്ചതല്ലെന്നും സ്ഥലമുടമയുടെ അറിവോടെ വെട്ടിയെടുത്തതാണെന്നും വനംവകുപ്പ് കണ്ടെത്തി. സംഭവത്തിൽ സ്ഥലമുടമ ഇടുക്കി മുളകുവള്ളി സ്വദേശി തോമസിനെ പ്രതിചേർക്കും. അഞ്ചംഗ സംഘം കൊച്ചിയിൽ പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. കോടനാട് ഫോറസ്റ്റ് റേഞ്ചറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടുക്കി വനംവകുപ്പിന്റെ സഹായത്തോടെയാണ് അന്വേഷണം.

കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുത്തു. എത്ര രൂപയ്ക്കാണ് ഇടപാട് നടന്നതെന്നും പിന്നിലുള്ള ഇടനിലക്കാർ ആരെല്ലാമാണെന്നുമുള്ള വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. പിടിയിലാകുമ്പോൾ ചന്ദനമരം മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. വിശദമായ അന്വേഷണത്തിലാണ് ഉടമയ്ക്കും വെട്ടിവിൽക്കലിന് പങ്കുണ്ടെന്ന് വ്യക്തമായത്. ഈ മാസം 14 നാണ് 10ലക്ഷം വിലമതിക്കുന്ന ചന്ദനമുട്ടികളുമായി അഞ്ചുപേർ എറണാകുളം പനമ്പള്ളിനഗർ സബ്‌സ്റ്റേഷൻ റോഡിലെ വാടകവീട്ടിൽ നിന്ന് പിടിയിലായത്.

തൊടുപുഴ മുതുപ്ലാക്കൽ വീട്ടിൽ സാജു സെബാസ്റ്റ്യൻ (53), വയനാട് താമരശേരി പുളിക്കൽ വീട്ടിൽ സിനു തോമസ് (41), ഇടുക്കി അടിമാലി വെള്ളാപ്പിള്ളിയിൽ വീട്ടിൽ നിഷാദ് ശ്രീധരൻ (48), ഇടുക്കി ആനവിരട്ടി കാടയംവീട്ടിൽ റോയ് ചാക്കോ (55), അടിമാലി കുരങ്ങാട്ടി കൂട്ടലാനിക്കൽ വീട്ടിൽ സാജൻ ഗോപി (46) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേർ ചന്ദനം വാങ്ങാൻ എത്തിയവരായിരുന്നു. തമിഴ്നാട്ടിലെത്തിച്ച് മറിച്ചുവിൽക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. പ്രതികളുടെ മൊബൈൽ ഫോണടക്കം പരിശോധിച്ച് വരികയാണ്. സാജു സെബാസ്റ്റ്യൻ നേരത്തെയും ചന്ദനക്കേസിൽ പിടിയിലായിട്ടുണ്ട്.

 മോഹവില അകത്താക്കും

സ്വകാര്യ ഭൂമിയിലാണെങ്കിലും ചനന്ദമരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതി വേണം. അപേക്ഷ നൽകിയാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കും. മുറിച്ചെടുത്ത വിലയുടെ ഏഴുപത് ശതമാനം ഉടമയ്ക്ക് നൽകി മരം മറയൂരിലെ ഫോറസ്റ്റ് ഡിപ്പോയിലേക്ക് മാറ്റും. ഇടനിലക്കാരുടെ മോഹവിലയിൽ ചന്ദനമരമുള്ള സ്ഥലമുടമകൾ വീണുപോകാറുണ്ട്. ഇത് പലപ്പോഴും ഉടമകളേയും അഴിക്കുള്ളിലെത്തിക്കും. വനംവകുപ്പിൽ നിന്ന് പണം കിട്ടാൻ കാലതാമസമെടുക്കുമെന്നും പിടിക്കപ്പെടില്ലെന്നും വിശ്വസിപ്പിച്ചാണ് ഇടനിലക്കാർ വെട്ടിയെടുക്കാൻ ഉടമകളെ പറഞ്ഞുവിശ്വസിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement
Advertisement