കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വീണ്ടും പഴയ ചോദ്യപേപ്പർ, എം.എസ്‌സി പരീക്ഷ റദ്ദാക്കി

Tuesday 24 May 2022 12:00 AM IST

കണ്ണൂർ : പോയ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് വീണ്ടും കണ്ണൂർ സർവ്വകലാശാല. കഴിഞ്ഞ മാസം നടന്ന ബി.എസ‌്സി പരീക്ഷയിൽ മൂന്ന് ചോദ്യപേപ്പറുകൾ ആവർത്തിച്ചതിന് പിറകെ ഇന്നലെ രാവിലെ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി പരീക്ഷയിലായിരുന്നു ആവർത്തനം. മാത്തമാറ്റിക്‌സ് ഇലക്ടീവ് 'ഫോറിയെ ആൻഡ് വെയ്‌വ്‌ലെറ്റ് അനാലിസിസ്" പരീക്ഷ പൂർത്തിയായ ശേഷമാണ് അബദ്ധം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരീക്ഷ റദ്ദാക്കിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു. വീഴ്ച അന്വേഷിക്കാൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിട്ടു.

ബി.എസ‌്സി പരീക്ഷകളുടെ ചോദ്യപേപ്പർ ആവർത്തിച്ചതിനാൽ റദ്ദാക്കിയിരുന്നു. പരീക്ഷാ വിഭാഗത്തിന്റെ ഗുരുതരമായ വീഴ്ചയും ജാഗ്രതക്കുറവുമാണ് ആവർത്തനത്തിന് കാരണമായതെന്ന് രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ഏറ്റെടുക്കണമെന്ന് ഗവർണർ നിലപാടെടുത്തിരുന്നു.

പ്രാധാന്യം നൽകുന്നില്ലെന്ന് സെനറ്റംഗം

അധികൃതർ പരീക്ഷയ്ക്ക് യാതൊരും പ്രാധാന്യവും നൽകുന്നില്ലെന്നും വൈസ് ചാൻസലർ പരീക്ഷയുടെ നിലവാരം തകർക്കുന്നതിന് കൂട്ടു നിൽക്കുകയാണെന്നും സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ആരോപിച്ചു.

പരീക്ഷാ കൺട്രോളർ ഇന്ന് സ്ഥാനമൊഴിയും

ചോദ്യപേപ്പർ വീണ്ടും ആവർത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് ഇന്ന് സ്ഥാനമൊഴിയും. കഴിഞ്ഞ മാസം ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്ന് ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പി.ജെ. വിൻസെന്റ് കത്ത് നൽകിയിരുന്നു. വൈസ് ചാൻസലർ ഇന്നലെ ആവശ്യം അംഗീകരിച്ചതോടെ സ്ഥാനമൊഴിയുന്ന അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സി​റ്റി കോളേജിലെ പൊളി​റ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാകും.