ജസീന്തയെ ദൈവം തളർത്താതെ കാത്തത് ലക്ഷാധിപതിയാക്കാൻ, കിട്ടുക 85 ലക്ഷം കമ്മിഷൻ

Tuesday 24 May 2022 12:00 AM IST

തിരുവനന്തപുരം: പക്ഷാഘാതം മൂലം രണ്ടുവട്ടം തളർന്നുവീണിട്ടും ഭാഗ്യക്കുറി വിറ്റ് ജീവിതം തള്ളിനീക്കിയ ജസീന്ത ഒടുവിൽ ലക്ഷപ്രഭു ആയി. വലതുവശം തളർന്ന് കിടപ്പായിപ്പോകുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ദിവസങ്ങൾക്കുള്ളിൽ നടന്നുതുടങ്ങിയ ജസീന്ത രാത്രിയെ പകലാക്കിയാണ് ലോട്ടറി വില്പന നടത്തിയത്. തിരുവനന്തപുരം വലിയതുറ സ്വദേശി ജസീന്ത ഈമാസം 15നും 18നും ഇടയിൽ വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിനാണ് വിഷു ബമ്പറായ 10കോടി അടിച്ചത്. നികുതി കഴിച്ച് 90ലക്ഷം രൂപയാണ് ഏജൻസി കമ്മിഷൻ. പഴവങ്ങാടിയിലെ ചൈതന്യ ലക്കിസെന്ററിൽ നിന്നാണ് ജസീന്തയും ഭർത്താവ് രംഗനും ടിക്കറ്റ് വാങ്ങിയത്. അവർക്കുള്ള കമ്മിഷൻ കഴിച്ച് 85 ലക്ഷത്തോളം രൂപ കൈയിലെത്തും. HB 727990എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. അവകാശി ഇതുവരെ എത്തിയിട്ടില്ല.

രാത്രി 12.30ന് എഴുന്നേറ്റ് കാപ്പിയും കുടിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന ജസീന്തയും രംഗനും രാവിലെ 6.30വരെ ടിക്കറ്റ് വിൽക്കും. ഈ സമയത്താണ് കൂടുതൽ വിമാനങ്ങൾ എത്തുന്നത്.

ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ള രംഗൻ ഡ്രൈവറായിരുന്നു. ജസീന്തയ്ക്ക് കോർപ്പറേഷനു കീഴിൽ മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലിയും. ഏഴു വർഷം മുമ്പ് ജസീന്ത ജോലിക്കിടെ കുഴഞ്ഞുവീണു. ജനറൽആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സ്ട്രോക്കാണെന്ന് അറിഞ്ഞത്. ഒരുവശം തളർന്നുപോകാനുള്ള സാദ്ധ്യതകളെ അതിജീവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടിലെത്തി. തുടർന്നാണ് ശഖുംമുഖം ഭാഗത്ത് ലോട്ടറി വില്പന തുടങ്ങിയത്. അവിടെ വില്പന കുറവായതോടെ വിമാനത്താവളത്തിൽ എത്തി. അതിനിടെ പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് വീണ്ടും സ്ട്രോക്ക് ബാധിച്ച് വീണു, ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം വീണ്ടും ജീവിതത്തിലേക്ക്. 10ലക്ഷത്തോളം രൂപ ചികിത്സയ്ക്കും മറ്റുമായി കടംവാങ്ങിയിട്ടുണ്ട്. അത് തീർക്കണം. ഡ്രൈവറായ മകൻ മനുവിന് ഓട്ടോ വാങ്ങി നൽകണം, മകൾ മ‌ഞ്ജുവിന്റെ ഭർത്താവിന് എല്ലുപൊടിയുന്ന അസുഖമായതിനാൽ അവരുടെ ജീവിതം സുരക്ഷിതമാക്കണം. നാല് കൊച്ചുമക്കൾക്കായും എന്തെങ്കിലും നീക്കിവയ്ക്കണം.- ജസീന്തയുടെയും രംഗന്റെയും ആഗ്രഹങ്ങൾ ഇങ്ങനെ നീളുകയാണ്.

'ദൈവം ഞങ്ങളുടെ അദ്ധ്വാനത്തിന് കൂലി തന്നു, ഇനി രാത്രികാലത്തെ ജോലി നിറുത്തണം. നഗരത്തിൽ എവിടെയെങ്കിലും കടയെടുത്ത് ലോട്ടറി കച്ചവടം നടത്തും.'

-രംഗനും ജസീന്തയും

Advertisement
Advertisement