ഹെറോയിൻ കടത്ത്: രണ്ടുപേർ കൂടി അറസ്റ്റിൽ

Tuesday 24 May 2022 1:01 AM IST

നാഗർകോവിൽ: ലക്ഷദ്വീപിന് സമീപം കടലിൽ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് 1526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ രണ്ടുപേരെക്കൂടി ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ബോട്ട് വാടകയ്ക്ക് എടുത്തുനൽകിയ പുതുകോട്ട സ്വദേശികളായ അർബദല്ലി, ഫൈസൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെ സ്വാമിയാർ മഠത്തിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു ഇവർ. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ തീരപ്രദേശങ്ങളായ തൂത്തൂർ, വള്ളവിള എന്നിവിടങ്ങളിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം തുടങ്ങി. സംഭവത്തിൽ നേരത്തെ 20 പേരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നാംപ്രതി കന്യാകുമാരി സ്വദേശി ജിംസൺ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കന്യാകുമാരി പൊലീസ് ഒരു വർഷമായി ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ജോക്കറിന്റെ മുഖംമൂടിയണിഞ്ഞ് ആഡംബര ബൈക്കിൽ സുഹൃത്തുക്കളുമായി എത്തി കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടാം പ്രതി കന്യാകുമാരി സ്വദേശി പ്രേംകുമാറിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കന്യാകുമാരി ജില്ലയിൽ നിന്ന് കൂടുതൽപേർ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement