കണ്ണീർക്കടലിൽ പോരാട്ട വിജയം; ത്രിവിക്രമൻ ഇനി താടിയെടുക്കും

Tuesday 24 May 2022 1:10 AM IST

കൊല്ലം: നിത്യതയിലേക്ക് യാത്രയാക്കാൻ വിസ്മയെ അവസാനമായി വീട്ടിലെത്തിച്ചപ്പോൾ ത്രിവിക്രമൻ നായർ ശപഥമെടുത്തു, 'മകൾക്ക് നീതി കിട്ടിയിട്ടേ ഇനി താടിയെടുക്കൂ'. ഇന്ന് കിരൺകുമാറിന് ശിക്ഷ വിധിക്കുന്നതോടെ ത്രിവിക്രമൻ നായരുടെ മനസിന് അല്പം ആശ്വാസമാകും. അതിനുശേഷം അദ്ദേഹം താടിയെടുക്കും.

മകളുടെ മരണശേഷം ത്രിവിക്രമൻ നായർ കാര്യമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. കേസിന്റെ വിചാരണയിൽ പങ്കെടുക്കാൻ കോടതിയിലേക്കാണ് വല്ലപ്പോഴും പോയിരുന്നത്. ക്ലീൻ ഷേവായിരുന്ന ത്രിവിക്രമൻ നായർ താടി നീട്ടി വളർത്തിയതോടെ പലർക്കും തിരിച്ചറിയാനും കഴിഞ്ഞില്ല.

 വിതുമ്പലോടെ അമ്മ

അമ്മ സരിത, മകളെക്കുറിച്ചോർത്ത് കരയാത്ത ദിവസളില്ല. കിരൺകുമാർ കുറ്റക്കാരനാണെന്ന വിധി ടി.വിയിൽ കണ്ടപ്പോഴും സരിതയുടെ ഉള്ളെരിയുകയായിരുന്നു. 'എന്റെ മകൾക്ക് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കരുതെന്ന് പറയുന്നതിനിടയിൽ കണ്ഠമിടറി. കിരണിന് പരാമവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. വിസ്മയയെപ്പോലെ ഒത്തിരി പെൺകുട്ടികളുണ്ട്. അവർക്ക് കൂടിയുള്ള വിധിയാണിത്"- സരിത വിതുമ്പലോടെ പറഞ്ഞു.

 കുരുക്ക് മുറുക്കിയ നുണകൾ

രക്ഷപ്പെടാൻ കിരൺകുമാറും ബന്ധുക്കളും കോടതിയിൽ പറഞ്ഞ നുണകളാണ് കുരുക്ക് മുറുക്കിയത്. തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ നുണകളെല്ലാം പൊളിച്ചതോടെ പ്രതിഭാഗം പറയുന്നതെല്ലാം കളവാണെന്ന നിഗമനത്തിൽ കോടതിയെത്തി.

 കിരണിനെ കുടുക്കിയ നുണകൾ (കോടതിയിൽ എഴുതി നൽകിയ മൊഴി)

 നുണ 1. ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആർത്തവമുണ്ടായി. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന് ഉറപ്പായി. തൊട്ടുപിന്നാലെ വിസ്മയ ടോയ്‌ലെറ്റിൽ കയറി കതകടച്ചു. വിളിച്ചിട്ടും തുറന്നില്ല. താൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ വിസ്മയ ആത്മഹത്യ ചെയ്തനിലയിലായിരുന്നു. കുട്ടികളുണ്ടാകാത്തതിൽ ത്രിവിക്രമൻ നായർ വിസ്മയയെ ഇൻസ്റ്റാഗ്രാമിലൂടെ ശപിച്ചിരുന്നു. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണം".

 നേര് - മരിച്ച ദിവസം വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ത്രിവിക്രമൻ നായർ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉപയോഗിച്ചിരുന്നില്ല.

 നുണ 2. വിസ്മയയെ ആദ്യമെത്തിച്ച ആശുപത്രിയിലെ ഡോക്ടറുമായി സംസാരിച്ചിരുന്നില്ല.

 നേര് - ആശുപത്രിയിലെ സി.സി ടി.വിയിൽ നിന്ന് കിരൺകുമാർ ഡോക്ടറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ

 നുണ 3. വിസ്മയ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പുള്ള രാത്രിയിൽ തങ്ങൾ സന്തോഷത്തോടെയാണ് ഇരുന്നിരുന്നത്.

 നേര് - ഇരുവരും പിണങ്ങിയതിന്റെ തെളിവുകൾ കിരണിന്റെ ഫോണിൽ നിന്ന് ലഭിച്ചു. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂർ മുമ്പുള്ള വിസ്മയയുടെ മൂന്ന് മിസ്ഡ് കാളുകൾ കിരൺകുമാറിന്റെ ഫോണിലുണ്ടായിരുന്നു. ഇതിന് ശേഷം 'എന്താ താൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്" എന്ന വിസ്മയയുടെ മെസേജും കണ്ടെത്തി.

Advertisement
Advertisement