"ഇത് ഇന്ത്യയാണ്,  നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല", തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ ഇക്കാര്യം ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണമെന്ന് സന്ദീപ് വാര്യർ

Tuesday 24 May 2022 10:33 AM IST

ഒറ്റപ്പാലം: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. തങ്ങൾ കാലന്മാരാണെന്ന് ആ കുട്ടി തന്നെ പറയുന്നുണ്ടെന്നും, തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ ഇത് ഇന്ത്യയാണെന്നും ഇവിടെ നമ്മുടെ പരിപ്പൊന്നും വേവില്ലെന്നും പറഞ്ഞുകൊടുക്കണമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. "അരിയും മലരും വാങ്ങി കാത്തിരിക്കാൻ ഹിന്ദുക്കൾക്കും കുന്തിരിക്കം വാങ്ങി കാത്തിരിക്കാൻ ക്രൈസ്തവർക്കും മുന്നറിയിപ്പ് തന്ന ശേഷം തങ്ങൾ കാലന്മാർ ആണെന്നും ആ കുട്ടി വിളിച്ച് പറയുന്നുണ്ട് . തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ താഴത്തിറക്കി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണം. "ഇത് ഇന്ത്യയാണ്. നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല "- എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴ നടന്ന റാലിക്കിടെയായിരുന്നു കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്കും സംഘാടകർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ ഈരാട്ടുപേട്ട സ്വദേശി അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.