ശമ്പളം 25000 രൂപയ്ക്ക് മുകളിലാണോ ? വർഷം മൂന്ന് ലക്ഷം രൂപ വരുമാനമുണ്ടെങ്കിൽ നിങ്ങളൊരു സാധാരണക്കാരനല്ല

Tuesday 24 May 2022 11:58 AM IST

നിങ്ങളുടെ ശമ്പളം മാസം 25000 രൂപയ്ക്ക് മുകളിലാണോ, അല്ലെങ്കിൽ വർഷം മൂന്ന് ലക്ഷം രൂപയ്ക്ക് മേൽ വരുമാനം നേടുന്നുണ്ടോ ? എങ്കിൽ നിങ്ങളുടെ സ്ഥാനം രാജ്യത്തെ ഏറ്റവും മികച്ച ശമ്പളക്കാരുള്ള 10 ശതമാനത്തിലാണെന്ന് ഓർക്കുക. ഇൻസ്റ്റിറ്റിയൂട്ട് ഫോർ കോമ്പറ്റീറ്റീവ്നസിന്റെ ഇന്ത്യൻ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ 90 ശതമാനം ഇന്ത്യക്കാരും പ്രതിമാസം 25,000 രൂപ പോലും സമ്പാദിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ കടുത്ത അസമത്വത്തിന്റെ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ.

ജോലി, തൊഴിൽ വിപണിയുടെ ചലനാത്മകത, ആരോഗ്യം, വിദ്യാഭ്യാസം, ഗാർഹിക സൗകര്യങ്ങൾ തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ അസമത്വത്തിന്റെ സമഗ്രമായ ഒരു അവലോകനം റിപ്പോർട്ട് നൽകുന്നുണ്ട്. വരുമാനം നേടുന്നവരിൽ കേവലം പത്ത് ശതമാനം മാത്രമാണ് 25,000 രൂപ പ്രതിമാസം കരസ്ഥമാക്കുന്നത്. അതേസമയം സാധാരണ ശമ്പളക്കാരായ ഗ്രാമീണ മേഖലയിൽ ജോലി നോക്കുന്ന പുരുഷന്മാർക്ക് 13,912 രൂപയും നഗരങ്ങളിലെ പുരുഷന്മാർക്ക് 19,194 രൂപയുമാണ് സമ്പാദിക്കാനാവുന്നത്. സ്ത്രീകൾ ഗ്രാമീണ മേഖലയിൽ 12,090 രൂപയും നഗരങ്ങളിലെ സ്ത്രീകൾ ശരാശരി 15,031 രൂപ സമ്പാദിച്ചു.

വരുമാനം നേടുന്ന ജോലികൾ ചെയ്യുന്നവർ തമ്മിലുള്ള അന്തരം വർദ്ധിക്കുകയാണ്. വർദ്ധിച്ചുവരുന്ന അസമത്വമാണ് ഇന്ത്യയുടെ വരുമാന പ്രൊഫൈലിന്റെ രൂപരേഖയെന്നും റിപ്പോർട്ട് അടിവരയിടുന്നു. നിരവധി ആളുകൾ വരുമാനത്തിനെക്കാളും കടബാദ്ധ്യതയുള്ളവരുമാണ്.

Advertisement
Advertisement