ഇനിയെങ്കിലും എന്നെ ടീമിൽ എടുക്കാൻ പറ്റുമോ? ഗാംഗുലി അടക്കമുള്ള ബിസിസിഐ ഉന്നതരോട് തന്റെ പ്രകടനത്തിലൂടെ ചോദിച്ച് സഞ്ജു

Tuesday 24 May 2022 8:44 PM IST

കൊൽക്കത്ത: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്. 26 പന്തിൽ 47 റൺസെടുത്ത സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്താൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ഭേദപ്പെട്ട നിലയിലാണ്.

ടോസ് നേടി രാജസ്ഥാനെ ബാറ്റിംഗിന് അയച്ച ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ പ്രതീക്ഷിച്ച തുടക്കമാണ് ബൗളർമാർ നൽകിയത്. രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്‌വാൾ പുറത്തായതോടെ രാജസ്ഥാൻ പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് രാജസ്ഥാന് കരുത്തായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ സഞ്ജു അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് 26 പന്തിൽ 47 റൺസെടുത്തത്. പത്താമത്തെ ഓവറിന്റെ അഞ്ചാം പന്തിൽ സായി കിഷോറിന്റെ പന്തിൽ ജോസഫ് പിടികൂടിയാണ് സഞ്ജു ഒടുവിൽ പുറത്തായത്.

ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരും മത്സരം കാണാൻ എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചായിരുന്നു സഞ്ജുവിന്റെ പ്രകടനം. കഴിഞ്ഞ ദിവസം ഇംഗ്ളണ്ട് ടെസ്റ്റിനും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി ട്വന്റിയ്ക്കുമുള്ള ഇന്ത്യൻ ടീമുകൾ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് ടീമിലും സഞ്ജുവിന് ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്.