ലുലുവിന് കർണാടകയിൽ വൻ പ്രതീക്ഷ: യൂസഫലി

Wednesday 25 May 2022 3:44 AM IST

ദാവോസ്: കർണാടകയിലെ രണ്ടാംനിര (ടിയർ-2)​ നഗരങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ,​ ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവ തുടങ്ങാനായി ലുലു ഗ്രൂപ്പ് 2,​000 കോടി രൂപ നിക്ഷേപിക്കും. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായി.

കർണാടകയിലെ പ്രവർത്തന വിപുലീകരണത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. ലുലുവിന്റെ നിക്ഷേപത്തോടെ സംസ്ഥാനത്ത് നേരിട്ടും പരോക്ഷമായും 10,​000ലേറെ തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുമെന്ന് ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.

നിക്ഷേപം സംബന്ധിച്ച ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്‌ടർ എ.വി.ആനന്ദ് റാം,​ കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി (വ്യവസായം)​ ഇ.വി.രമണ എന്നിവർ ഒപ്പുവച്ചു. കർണാടക വ്യവസായ മന്ത്രി മുരുഗേഷ് നിരാനി സന്നിഹിതനായിരുന്നു.

ദക്ഷിണേന്ത്യയിലേക്ക്

കൂടുതൽ നിക്ഷേപം

തെലങ്കാനയിൽ ₹500 കോടി നിക്ഷേപിക്കും

തെലങ്കാന,​ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കൂടുതൽ നിക്ഷേപം നടത്താൻ ലുലുവിന് പദ്ധതിയുണ്ട്. ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ,​ ഷോപ്പിംഗ് മാളുകൾ,​ ഹൈപ്പർ മാർക്കറ്റുകൾ എന്നിവയാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. മഹാരാഷ്‌ട്രയിലും ഭക്ഷ്യസംസ്കരണ മേഖലയിൽ നിക്ഷേപം നടത്തും.

തെലങ്കാനയിൽ 500 കോടി രൂപ ചെലവിട്ട് ആധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള കരാറിൽ ലുലു ഗ്രൂപ്പും തെലങ്കാന സർക്കാരും ഒപ്പുവച്ചു. ദാവോസിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവും യൂസഫലിയും നടത്തിയ ചർച്ചയിലാണ് തീരുമാനം.

Advertisement
Advertisement